അജീഷ് പറഞ്ഞു, മന്ത്രി കേട്ടു; മൃഗശാലയിലെ കെടിഡിസി റസ്റ്റോറന്റിന്റെ ‘ലുക്ക്’ മാറി

single-img
30 June 2022

തിരുവനന്തപുരം: മൃഗശാലയിലെ കെ.ടി.ഡി.സി. റെസ്റ്റോറന്റിന്റെ ‘ലുക്ക്’ മാറി. റെസ്റ്റോറന്റിന്റെ അവസ്ഥയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രതികരണം കണ്ട ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ടതോടെയാണ് നവീകരണം സാധ്യമായത്.

ജൂൺ ഒന്നിന് മൺസൂൺ പാക്കേജുമായി ബന്ധപ്പെട്ട് മന്ത്രി പി.എ മുഹമ്മദ് റിയാസ് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം മൃഗശാലയിലെ കാന്റീനിനോട് അജീഷിന്റെ പ്രതികരണം.”കെ.ടി.ഡി.സി.യുടെ കാന്റീനില്‍ കാര്‍ഡോ, ഗൂഗിള്‍ പേയോ ഇല്ല, ഭക്ഷണവും മോശം’… ” എന്നായിരുന്നു അജീഷിന്റെ കമന്റ്.

ഇത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് നടപടി. “ഈ പ്രശ്‌നം കെ.ടി.ഡി.സി. എം.ഡി.യോട് ഇപ്പോള്‍ സംസാരിച്ചു, അവര്‍ ഇടപെടും എന്ന് അറിയിച്ചിട്ടുണ്ട്” കമന്റിന് മന്ത്രി മറുപടി നൽകി. അജീഷ് കുറുപ്പത്ത് എന്നയാളാണ് റെസ്റ്റോറന്റിന്റെ നടത്തിപ്പിലെ ക്രമക്കേട് ചൂണ്ടിക്കാണിച്ചതെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.