ബോധപൂര്‍വം ഇവരെ വിലക്കെടുത്ത് ആരെങ്കിലും ചെയ്യിച്ചതാണോ ഉദയ്പുർ കൊലപാതകമെന്ന് പ്രത്യേകം അന്വേഷിക്കണം: കെടി ജലീൽ

single-img
29 June 2022

ഉദയ്പൂരിൽ പ്രവാചക നിന്ദയുടെ പേരിലെന്ന ലേബലിൽ അരങ്ങേറിയത് അങ്ങേയറ്റം പൈശാചിക കൃത്യമാണ്. മനുഷ്യൻ്റെ തലയറുത്ത് ഈ കാപാലികർ എങ്ങോട്ടാണ് നാടിനെ കൊണ്ടു പോകുന്നതെന്ന് മുൻ മന്ത്രി കെടി ജലീൽ.

നിന്ദ്യരും നികൃഷ്ടരുമായ ഈ വർഗ്ഗീയ ഭ്രാന്തൻമാരെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടു വന്ന് പരമാവധി ശിക്ഷ ഉറപ്പു വരുത്തണമെന്നും താടിയും തലപ്പാവുമായെത്തി പട്ടാപ്പകൽ ഒരു മനുഷ്യനെ കഴുത്തറുത്ത് കൊന്ന പിശാചുക്കൾ ഇസ്ലാമിനെയാണ് അപമാനിച്ചതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

“അവർ മാപ്പർഹിക്കുന്നേയില്ല. ഈ തെമ്മാടികളെ പിടികൂടി തൂക്കിലേറ്റാൻ ഒട്ടും സമയം വൈകിക്കൂട. രാജ്യത്ത് നിലനിൽക്കുന്ന മത സൗഹാർദ്ദം തകർക്കാൻ ബോധപൂർവ്വം ഇവരെ വിലക്കെടുത്ത് ആരെങ്കിലും ചെയ്യിച്ചതാണോ പ്രസ്തുത കൊലപാതകമെന്ന് പ്രത്യേകം അന്വേഷിക്കണം. വേഷം മാറി വന്ന് പക തീർത്ത് വഴി തിരിച്ച് വിടാൻ നടത്തിയ ശ്രമമാണോ നടന്നതെന്നും പരിശോധിക്കണം. വർഗീയ കലാപം നടത്തി, ഉദയ്പൂരിലെ മുഴുവൻ മുസ്ലിം കച്ചവട ക്കാരെയും ഉൻമൂലനം ചെയ്യാൻ ആസൂത്രിതമായി ബിസിനസ് താൽപര്യക്കാർ സംഘടിപ്പിച്ചതാണോ അരുകൊലയെന്നും സൂക്ഷ്മമായി അപഗ്രഥിക്കണം.”- അദ്ദേഹം ആവശ്യപ്പെട്ടു.

പണമോ മറ്റു പ്രലോഭനങ്ങളോ ചൊരിഞ്ഞ് രണ്ട് മുസ്ലിം നാമധാരികളെ വിലക്കെടുത്ത്, ഇന്ത്യൻ മുസ്ലിങ്ങളുടെ സമാധാനം കെടുത്താൻ ബാഹ്യശക്തികൾ ചെയ്യിച്ച മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണോ ഉദയ്പൂരിലേതെന്ന് പ്രത്യേകം നോക്കണം. ഹീന പ്രവൃത്തി നടത്തിയവരുടെ മട്ടും ഭാവവും, വീഡിയോ ചിത്രീകരണവുമൊക്കെ കണ്ടിട്ട് എന്തൊക്കെയോ ദുരൂഹത മണക്കുന്നുണ്ട്‌. എന്തായാലും ക്രൂരകൃത്യം ചെയ്ത നരാധമൻമാർക്ക് കൊലക്കയർ തന്നെ നൽകണം. അവരെ വെറുതെ വിടരുത്. നാടിനെ രക്ഷിക്കാൻ അവർക്ക് ശിക്ഷ നൽകിയേ പറ്റൂവെന്നും ജലീൽ കൂട്ടിച്ചേർത്തു.