ശിവസേനയുടെ ഹർജി സുപ്രീം കോടതി തള്ളി; മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ തന്നെ

single-img
29 June 2022

മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സർക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും. വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള ഗവർണർ ഭഗത് സിംഗ് കോഷിയാരിയുടെ നിർദ്ദേശത്തെ ചോദ്യം ചെയ്ത് ശിവസേന സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജെ.ബി പർദിവാല എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച്.

വിമത നേതാവ് ഏക്നാഥ് ഷിൻഡെ ഉൾപ്പെടെ 16 സേനാ എംഎൽഎമാരെ അയോഗ്യരാക്കാനുള്ള ഡെപ്യൂട്ടി സ്പീക്കറുടെ നോട്ടീസിൻമേൽ ജൂലൈ 11 വരെ തുടർനടപടികൾ പാടില്ലെന്ന് സുപ്രീം കോടതിയുടെ ഇതേ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. ഡെപ്യൂട്ടി സ്പീക്കറുടെ അയോഗ്യതാ നോട്ടീസിനെതിരെ ഷിൻഡെ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. കേസ് ജൂലൈ 12ന് കോടതി പരിഗണിക്കും. അതുവരെ വിശ്വാസ വോട്ടെടുപ്പ് നടത്തരുതെന്ന് ശിവസേന ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ശിവസേന ചീഫ് വിപ്പ് സുനിൽ പ്രഭു നൽകിയ ഹർജി സുപ്രീം കോടതി തള്ളി.

ശിവസേനയുടെ ഔദ്യോഗിക വിഭാഗത്തിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി ഹാജരായി. മഹാരാഷ്ട്ര ഗവർണർക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും വിമത ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ നീരക് കിഷൻ കൗളുമാണ് ഹാജരായത്.