‘ബഫർസോൺ ആശങ്ക’; വി മുരളീധരൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രിമായുമായി കൂടിക്കാഴ്ച നടത്തി

single-img
29 June 2022

ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവുമായി കൂടിക്കാഴ്ച നടത്തി. സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച സുപ്രീം കോടതി ഉത്തരവിലെ ആശങ്കകൾ അകറ്റാനാണ് യോഗം ചേർന്നത്. ഉത്തരവിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതം തടസപ്പെടുത്തുന്ന തീരുമാനങ്ങൾ എടുക്കരുതെന്നും മന്ത്രി പറഞ്ഞു.

ദേശീയ ശരാശരിയേക്കാൾ ഉയർന്ന ജനസാന്ദ്രതയുള്ള കേരളത്തിന്റെ ആശങ്ക ഗൗരവമുള്ളതാണ്. കൃഷി, ചെറുകിട വ്യവസായങ്ങൾ എന്നിവയുൾപ്പെടെ മുഴുവൻ മേഖലയെയും ഇത് പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് വനാതിർത്തിയിലെ ജനങ്ങളെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ബഫർ സോൺ വിധിക്കെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് യോഗം ചേർന്നത്. കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള സംഘവും വി മുരളീധരനെ കണ്ടിരുന്നു.