മധുരമീനാക്ഷി ക്ഷേത്രത്തിലെ ആനയെ ചികിത്സിക്കാന്‍ തായ്ലന്‍ഡ് സംഘം

single-img
28 June 2022

തായ്ലൻഡിൽ നിന്നുള്ള ഒരു സംഘം മധുര മീനാക്ഷി ക്ഷേത്രത്തിൽ നേത്രരോഗം ബാധിച്ച ആനയെ ചികിത്സിക്കാനെത്തി. ബാങ്കോക്കിലെ കാർഷിക സർവകലാശാലയായ കസെറ്റ്സാർട്ട് സർവകലാശാലയിൽ നിന്നുള്ള ഏഴംഗ സംഘമാണ് മധുരയിലെത്തിയത്. 24 കാരിയായ പാർവതി എന്ന ആനയ്ക്കാണ് നേത്രരോഗം സ്ഥിരീകരിച്ചത്.

തിമിരം ബാധിച്ച ആനയുടെ ഇടതുകണ്ണിന് കാഴ്ച നഷ്ടപ്പെട്ടു. ചികിത്സയിൽ കാര്യമായ മാറ്റമില്ലാത്തതിനാൽ തമിഴ്നാട് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ വിദേശത്ത് നിന്നുള്ള മെഡിക്കൽ സംഘത്തെയെത്തിക്കാന്‍ നടപടിയെടുക്കുകയായിരുന്നു.

ആറു വർഷം മുമ്പ് ഇടതുകണ്ണിന് ചെറിയൊരു പ്രശ്നമുണ്ടായിരുന്നു. ഇപ്പോൾ വലതുകണ്ണിന്റെ കാഴ്ചയെയും ബാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ബാങ്കോക്കിൽ നിന്നുള്ള ഡോ.നിക്രോണ്‍ തോങിത്തിപ്പിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിദഗ്ധ ചികിത്സയ്ക്കായി ബാങ്കോക്കിൽ നിന്ന് എത്തിയത്. ആനയെ പരിശോധിച്ച സംഘം ശസ്ത്രക്രിയ നടത്തുന്ന കാര്യം ആലോചിക്കുന്നുണ്ട്. എന്നിരുന്നാലും, ശസ്ത്രക്രിയയ്ക്ക് ശേഷം അണുബാധയിൽ നിന്ന് കണ്ണിനെ സംരക്ഷിക്കുക എളുപ്പമല്ല.