പ്രചരിക്കുന്നത് വ്യാജ വാർത്ത; സൂപ്പർ ഡീലക്സ് ബസുകൾ ഉപയോ​ഗിക്കാതെ നശിക്കുന്നില്ല: കെഎസ്ആർടിസി

single-img
28 June 2022

കോട്ടയം ഡിപ്പോയിലുള്ള കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസുകൾ ഉപയോ​ഗിക്കാതെ നശിക്കുന്നുവെന്ന രീതിയിൽ വ്യാപകമായി പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കെഎസ്ആർടിസി. വീക്ക് എന്റ് അഡീഷണൽ സർവ്വീസിനുള്ള ബസ്സുകളും രാത്രി സർവ്വീസിനും ബഡ്ജറ്റ് ടൂറിസത്തിനും വേണ്ടി ഉപയോ​ഗിക്കുന്നതിനുള്ള സ്പെയർ ബസുകളുമാണ് ഇവ.

ബസുകൾ പകൽ നേരം പാർക്ക് ചെയ്തിരുന്നതിന്റെ ദൃശ്യങ്ങൾ യാർഡിൽ നിന്ന് പകർത്തിയാണ് തെറ്റായ തരത്തിലുള്ള വാർത്ത നൽകുന്നതെന്നും കെഎസ്ആർടിസി അറിയിച്ചു. മഴ സീസൺ ആയതിനാൽ ജൂൺ മാസം ബഡ്ജറ്റ് ടൂറിസം ബുക്കിംഗ് കുറവായതിനാലാണ് ആ ബസ് പാർക്കിം​ഗ് ​ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരിക്കുന്നത്.

ഈ ഡിപ്പോയിൽ അന്തർ സംസ്ഥാന സർവ്വീസിന്റെതായിരുന്ന നിലവിലുള്ള സൂപ്പർ ഡീലക്സ് ബസിൽ രണ്ടെണ്ണം ബഡ്ജറ്റ് ടൂറിസത്തിനുള്ളതാണ്. ബാക്കിവരുന്ന ബസുകളിൽ രണ്ടെണ്ണം ഇപ്പോഴും കോട്ടയം- സുൽത്താൻ ബത്തേരി റൂട്ടിൽ രാത്രി സർവ്വീസ് നടത്തുന്നവയാണ്. ദീർഘ ദൂര സർവ്വീസുകൾക്കുള്ള ബസുകൾ ബ്രേക്ക് ഡൗണാകുന്ന സാഹചര്യത്തിൽ മാറ്റി ഉപയോ​ഗിക്കുന്നതിന് വേണ്ടിയുള്ളതാണ് മറ്റ് ബസുകൾ.

ഇപ്പോൾ ഇവിടെയുള്ള സൂപ്പർ ഡീലക്സ് ബസുകളിൽ 4 ബസുകളുടെ കാലാവധി ‍ഡിസംബറോടെ 9 വർഷം പൂർത്തിയാകും. ദീർഘദൂര സർവ്വീസുകൾക്ക് ഈ ബസുകളെ ഇനി ഉപയോ​ഗിക്കാനാകില്ല. അതിനാൽ ഇവ ഓർഡിനറി സർവ്വീസിനായി ഉപയോ​ഗിക്കുമെന്നും അതിനുള്ള നടപടി പുരോ​ഗമിക്കുകയാണെന്നും കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി.