ബാങ്കിങ്ങിൽ സമ്പൂർണ സ്വകാര്യവൽക്കരണം പരിഗണനയിൽ

single-img
28 June 2022

ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകളെ പൂർണമായും സ്വകാര്യവത്കരിക്കാൻ കേന്ദ്ര സർക്കാരിന്റെ നീക്കം. ഇത് സംബന്ധിച്ച ബിൽ പാർലമെന്റിന്റെ മൺസൂൺ സെഷനിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം സാധ്യമാക്കുന്ന ഭേദഗതികൾ ബില്ലിലുണ്ടാകും. ഇതുമായി ബന്ധപ്പെട്ട് റിസർവ് ബാങ്കുമായി ധനമന്ത്രാലയം ചർച്ച നടത്തി.

പൊതുമേഖലാ ബാങ്കുകളിൽ 51 ശതമാനം ഓഹരികൾ കേന്ദ്ര സർക്കാർ കൈവശം വയ്ക്കണമെന്നാണ് നിലവിലെ നിയമം അനുശാസിക്കുന്നത്. ഇത് പൂർണ്ണമായും ഇല്ലാതാക്കാൻ ഒരു ഭേദഗതി പരിഗണനയിലാണെന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ഇതുമായി ബന്ധപ്പെട്ട് നേരത്തെ നടന്ന ചർച്ചകളിൽ 26 ശതമാനം ഓഹരികൾ നിലനിർത്തണമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ നിലപാട്. ഇത് ക്രമേണ കുറയ്ക്കാമെന്നായിരുന്നു ആശയം.