പ്രവാചക നിന്ദ നടത്തിയ നുപൂര്‍ ശർമ്മയെ പിന്തുണച്ചയാളെ രാജസ്ഥാനിൽ വെട്ടിക്കൊന്നു; പ്രധാനമന്ത്രിയെയും വധിക്കുമെന്ന് ഭീഷണി

single-img
28 June 2022

പ്രവാചക നിന്ദ നടത്തിയ ബിജെപി മുൻ ദേശീയ വക്താവ് നുപൂര്‍ ശർമ്മയെ പിന്തുണച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ചെയ്തയാളെ വെട്ടിക്കൊന്നു. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. തയ്യൽ തൊഴിലാളിയായ കനയ്യലാലിനെ കടയിൽ കയറി വെട്ടികൊല്ലുകയായിരുന്നു.

കൊലപാതകത്തിന് ശേഷമുള്ള ദൃശ്യങ്ങൾ കൊലയാളികൾ തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. കൊലപാതകം നടത്താൻ ഉപയോഗിച്ച ആയുധം വീഡിയോയിൽ ഉയർത്തികാട്ടി. ഇതേ വീഡിയോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വധിക്കുമെന്ന് ഇവർ ഭീഷണി ഉയർത്തുന്നുണ്ട്. കടയുടമയുടെ അടുത്ത് അളവെടുക്കാനെന്ന രീതിയിലെത്തിയായിരുന്നു കൊലപാതകം.

ഈ കൊലപാതക ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് മുഴുവനും സംഘപരിവാർ ബന്ധമുള്ളവരുടെ പേജുകളിൽ നിന്നാണ്. അതിനാൽ തന്നെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് ശേഷം ഉദയ്പൂരിൽ വലിയ സംഘർഷമാണ് നടക്കുന്നത്. നിലവിൽ പ്രദേശത്തെ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു. ഉദയ്പൂരിൽ കർഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ജനങ്ങൾ സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ആവശ്യപ്പെട്ടു.

വീഡിയോയിൽ രണ്ട് യുവാക്കളുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇവരാണ് കൊലപാതകം നടത്തിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.