റിലയൻസ് ജിയോ ഗ്രൂപ്പ് ചെയർമാൻ സ്ഥാനത്തുനിന്ന് മുകേഷ് അംബാനി രാജിവച്ചു; പകരം സ്ഥാനമേൽക്കുന്നത് മകൻ ആകാശ് അംബാനി

single-img
28 June 2022

റിലയൻസ് ജിയോ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് മുകേഷ് അംബാനി രാജിവച്ചു. ഈ സ്ഥാനത്തേക്ക് പകരം മൂത്ത മകനും നിലവിൽ റിലയൻസ് ജിയോ വിഭാഗം നോൺ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ആകാശ് അംബാനി ചുമതലയേൽക്കും. കമ്പനിയുടെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ അധികാര മാറ്റങ്ങളിൽ ഒന്നാണ് ഇപ്പോൾ നടക്കുന്നത്.

പിതാവിന് പകരം ആകാശ് അംബാനി കമ്പനി ചെയർമാൻ ആകുന്നതോടൊപ്പം കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി പങ്കജ് മോഹൻ പവാർ പുതുതായി ചുമതലയേൽക്കും. ജൂൺ 27ന് നടന്ന ബോർഡ് ഒഫ് ഡയറക്ടർമാരുടെ യോഗത്തിലായിരുന്നു ഇതുമായി ബന്ധപ്പെട്ട് തീരുമാനമായത്.

നേരത്തെ 2021 ൽ സ്ഥാനം രാജി വയ്ക്കുന്നതിനെക്കുറിച്ച് മുകേഷ് അംബാനി സൂചന നൽകിയിരുന്നു. ഈ വർഷം ജൂൺ 27 മുതൽ 5 വർഷത്തേക്ക് റിലയൻസ് ജിയോ സ്വതന്ത്ര ഡയറക്ടർമാരായി അഡീഷണൽ ഡയറക്ടർമാരായ രമീന്ദർ സിംഗ് ഗുജ്റാൾ, കെ വി ചൗധരി എന്നിവരെയും പുതുതായി നിയമിച്ചിട്ടുണ്ട്.