കെ-റെയില്‍ പദ്ധതിക്ക് വേണ്ടി ഇതുവരെ ചെലവായത് 49 കോടിയോളം രൂപ; നിയമസഭയിൽ മുഖ്യമന്ത്രി

single-img
28 June 2022

സംസ്ഥാന സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കെ-റെയില്‍ പദ്ധതിക്കായി ഇതുവരെ ചെലവായത് 49 കോടിയോളം രൂപയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. പദ്ധതിക്കുള്ള കണ്‍സള്‍ട്ടന്‍സി ചാര്‍ജായി മാത്രം നല്‍കിയത് 20 കോടി 82 ലക്ഷം രൂപയാണ്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടികള്‍ക്കായി റവന്യു വകുപ്പിന് ഇരുപത് കോടിയിലേറെ നല്‍കി.

മുസ്ലിം ലീഗിന്റെ പികെ ബഷീര്‍ എംഎല്‍എയുടെ ചോദ്യത്തിന് നിയമസഭയില്‍ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇതിന്റെ കണക്കുകളുള്ളത്. കെ-റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്.അലൈൻമെന്റ് കടന്നുപോകുന്ന പതിനൊന്ന് ജില്ലകളിലെയും ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ ഭാഗമായി റവന്യു വകുപ്പിന് നല്‍കിയത് ഇരുപതു കോടി.

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ഏരിയല്‍ സര്‍വേക്കായി രണ്ട് കോടി നല്‍കി. ഇത്തരത്തിൽ മുപ്പതോളം കാര്യങ്ങളിലായി സര്‍ക്കാരിന് ഇതുവരെ 48,22,57,179 രൂപ ചിലവായി. . കേന്ദ്ര മാനദണ്ഡ പ്രകാരം സാമൂഹിക ആഘാത പഠനം പൂര്‍ത്തിയായതിന് ശേഷം മാത്രമെ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ എണ്ണം തിട്ടപ്പെടുത്താനാകൂവെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.