വീണ്ടും ചരിത്രം സൃഷ്ടിച്ച് ഐ.ഐ.ടി മദ്രാസ്; 100% കാമ്പസ് പ്ലേസ്‌മെന്റ്

single-img
28 June 2022

ന്യൂഡൽഹി: പ്ലേസ്‌മെന്റില്‍ വീണ്ടും ചരിത്രം സൃഷ്ടിച്ച് ഐ.ഐ.ടി മദ്രാസ്. 2021-22 അധ്യയന വര്‍ഷത്തില്‍ 100 ശതമാനം പ്ലേസ്മെന്റാണ് ഇവിടെ മാനേജ്‌മെന്റ് സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റ് നേടിയത്. എംബിഎ ബാച്ചിലെ 61 വിദ്യാർത്ഥികൾക്കും കാമ്പസ് പ്ലേസ്മെന്റിലൂടെ മികച്ച തൊഴിലവസരങ്ങൾ ലഭിച്ചു. 2020-21ലെ റെക്കോർഡ് ശമ്പളത്തെ മറികടന്നാണ് ഈ വർഷത്തെ നിയമനം എന്നതും ശ്രദ്ധേയമാണ്. പ്രതിവർഷം ശരാശരി ശമ്പളം 16.66 ലക്ഷം രൂപയാണ്. കഴിഞ്ഞ വർഷത്തേക്കാൾ 30.35% വർധനവാണിത്.

ഏകദേശം 16 ശതമാനം വിദ്യാർത്ഥികൾക്ക് പ്രീ-പ്ലേസ്മെന്റ് ഓഫറുകൾ ലഭിച്ചിട്ടുണ്ട്. പ്ലേസ്മെന്റുകൾ ഓൺലൈനാക്കിയെങ്കിലും, ഈ വർഷം നിരവധി കമ്പനികൾ പങ്കെടുത്തുവെന്നും കുറഞ്ഞ സമയത്തിനുള്ളിൽ പ്ലേസ്മെന്റുകൾ നടന്നുവെന്നും ഐഐടി പ്രസ്താവനയിൽ പറഞ്ഞു. ആമസോൺ, സിസ്കോ, ഡെലോയിറ്റ്, ഐസിഐസിഐ, മക്കിൻസി എന്നിവയുൾപ്പെടെ 55 ഓളം കമ്പനികൾ ഈ വർഷം പ്ലേസ്മെന്റ് ഡ്രൈവിൽ പങ്കെടുത്തു.

“റിക്രൂട്ടര്‍മാര്‍ നല്‍കിയ വമ്പന്‍ ഓഫറുകള്‍ ഞങ്ങളുടെ വിദ്യാര്‍ഥികളുടെയും ഞങ്ങളുടെ പ്രോഗ്രാമിന്റെയും ഉയര്‍ന്ന നിലവാരത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഉയര്‍ന്ന പഠനനിലവാരം, മികവുറ്റ അധ്യാപനം എന്നിവ ഐഐടി മദ്രാസിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ പ്രധാനപ്പെട്ട ഗുണമാണ്. ഭാവിയില്‍ വിവിധ ഡൊമെയ്നുകളില്‍ കൂടുതല്‍ പങ്കാളിത്തം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,” ഐഐടി മദ്രാസ് മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം മേധാവി പ്രൊഫ.എം. തേന്‍മൊഴി പറഞ്ഞു.