രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് നിരോധനം; ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ

single-img
28 June 2022

ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളായ പ്ലാസ്റ്റിക് സ്ട്രോകൾ, പ്ലേറ്റുകൾ, കപ്പുകൾ തുടങ്ങിയവയുടെ നിരോധനം ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. ഈ ഉൽപ്പന്നങ്ങളുടെ വിൽപ്പന, സംഭരണം, വിതരണം, കയറ്റുമതി എന്നിവയ്ക്ക് നിരോധനം ബാധകമാണ്. നിരോധനം കര്‍ശനമായി നടപ്പാക്കാൻ ദേശീയ, സംസ്ഥാന തലങ്ങളിൽ കൺട്രോൾ റൂമുകൾ സ്ഥാപിക്കുമെന്ന് സർക്കാർ അറിയിച്ചു. പരിശോധനയ്ക്കായി പ്രത്യേക സംഘത്തെ നിയോഗിക്കും. അതിർത്തികളിൽ പരിശോധന നടത്താൻ കേന്ദ്രം സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇത്തരം പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനങ്ങൾക്ക് അസംസ്കൃത വസ്തുക്കൾ വിതരണം ചെയ്യരുതെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) പെട്രോകെമിക്കൽ കമ്പനികൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇവ വിൽക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന വാണിജ്യ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കണമെന്നും നിർദ്ദേശമുണ്ട്.

75 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധനം കഴിഞ്ഞ വർഷം സെപ്റ്റംബർ 30 മുതൽ പ്രാബല്യത്തിൽ വരികയും 120 മൈക്രോണിൽ താഴെയുള്ള ക്യാരി ബാഗുകളുടെ നിരോധനം ഡിസംബർ 31 മുതൽ പ്രാബല്യത്തിൽ വരികയും ചെയ്തു. ഇതിന്റെ തുടർച്ചയായി ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും നിരോധിച്ചിട്ടുണ്ട്.