നടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ചോദ്യം ചെയ്യൽ തുടരുന്നു

single-img
27 June 2022

കൊച്ചി: നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ നടനും നിർമ്മാതാവുമായ വിജയ് ബാബു എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായി. രാവിലെ 9 മണിക്കാണ് ഹാജരായത്. ഇന്ന് മുതൽ അടുത്ത മാസം 3 വരെ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വിജയ് ബാബുവിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ദിവസങ്ങളിലെല്ലാം വിജയ് ബാബു പൊലീസ് കസ്റ്റഡിയിലായിരിക്കും.

ആവശ്യമെങ്കിൽ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനും അഞ്ച് ലക്ഷം രൂപയുടെ ആൾജാമ്യത്തിൻറെയും രണ്ട് ആൾജാമ്യത്തിൻറെയും അടിസ്ഥാനത്തിൽ ജാമ്യം അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടു. ഹൈക്കോടതി നിർദേശപ്രകാരം അറസ്റ്റ് നടപടികൾ പൊലീസ് സ്വീകരിക്കുമെന്നാണ് വിവരം. പരാതിയിൽ പറയുന്ന ഹോട്ടൽ മുറി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വിജയ് ബാബുവിനെ എത്തിച്ച് തെളിവെടുപ്പ് നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് വിജയ് ബാബു തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി ഏപ്രിൽ 22നാണ് യുവതി പൊലീസിനെ സമീപിച്ചത്. പരാതിയറിഞ്ഞ് രാജ്യം വിട്ട വിജയ് ബാബുവിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും പാസ്പോർട്ട് റദ്ദാക്കുകയും ചെയ്തിരുന്നു. ഹൈക്കോടതി ഇടപെട്ടാണ് വിജയ് ബാബുവിനെ നാട്ടിൽ എത്തിച്ച് മുൻകൂർ ജാമ്യം നേടിയത്.