പ്രതിപക്ഷം സഭയിൽ നിന്നും ഒളിച്ചോടി: മുഖ്യമന്ത്രി

single-img
27 June 2022

നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചോദ്യോത്തരവേളയടക്കം നിയമസഭ തടസപ്പെടുത്തിയ പ്രതിപക്ഷസമരം ചരിത്രത്തിലില്ലാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. പ്രതിപക്ഷം നല്‍കിയ നോട്ടീസ് അവര്‍ തന്നെ തടസ്സപ്പെടുത്തി. അടിയന്തര പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കാന്‍ പോലും പ്രതിപക്ഷം അനുവദിച്ചില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ചട്ടം 15 അനുസരിച്ചുള്ള നോട്ടീസല്ലേ നിങ്ങള്‍ തന്നതെന്ന് സ്പീക്കര്‍ ആവര്‍ത്തിച്ച് ചോദിച്ചു. എന്നിട്ടും പ്രമേയം അവതരിപ്പിക്കേണ്ടയാള്‍ അതിന് തയാറാകാതെ ഒളിച്ചോടി. പ്രശ്നം അവതരിപ്പിക്കാനോ സര്‍ക്കാരിന്റെ മറുപടി കേള്‍ക്കാനോ ആരും തയാറായില്ല. പ്രതിപക്ഷനേതാവ് സഭയില്‍ സംസാരിക്കാന്‍ തയ്യാറായില്ല. എന്തുകൊണ്ടാണ് പ്രതിപക്ഷത്തിന്‍റെ ഈ നിലപാടെന്ന് മനസിലാകുന്നില്ല എന്നും, . ജനാധിപത്യപരമായ അവകാശം പ്രതിപക്ഷം വിനിയോഗിച്ചില്ല വന്നും മുഖ്യന്ത്രി പറഞ്ഞു.

ശൂന്യവേളയില്‍ സഭ ചേര്‍ന്നശേഷം അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ പരിഗണനയ്ക്ക് എടുത്തെങ്കിലും പ്രതിപക്ഷ ബഹളത്തില്‍ മുങ്ങിപ്പോയിരുന്നു. നടുത്തളത്തിലും സ്പീക്കറുടെ ഡയസിനു മുന്നിലും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്ന സാഹചര്യത്തില്‍ സ്പീക്കര്‍ നപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.

രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചത് തെറ്റായ നടപടിയെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. വയനാട്ടിലുണ്ടായ അക്രമത്തെ സിപിഎം നേതൃത്വം അപലപിച്ചു. സര്‍ക്കാര്‍ കൃത്യമായ അന്വേഷണത്തിനും തയാറായി. എന്നാല്‍ ഒരു തെറ്റിന്റെ പേരില്‍ ഒരുപാട് തെറ്റുകള്‍ ചെയ്യാനാണ് പ്രതിപക്ഷശ്രമമെന്ന് പിണറായി കുറ്റപ്പെടുത്തി