കൽപ്പറ്റയിലെ സംഭവം ആരും ന്യായീകരിച്ചില്ല; കോൺഗ്രസ് ശ്രമം കലാപം സൃഷ്ടിക്കാൻ

single-img
27 June 2022

തിരുവനന്തപുരം: വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ നടന്നത് അനിഷ്ടസംഭവങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവരും അതിനെ അപലപിച്ചുവെന്നും അത്തരമൊരു അക്രമസംഭവത്തെ ന്യായീകരിക്കാന്‍ ആരും ശ്രമിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

എസ്എഫ്ഐ മാർച്ചുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളെ പാർട്ടി ജില്ലാ കമ്മിറ്റി അപലപിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റിയും അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും ഇതിനെ അപലപിച്ചു. കർശനമായ നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പെണ്‍കുട്ടികളെ അടക്കം 24 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചുമതലയുള്ള ഡിവൈ.എസ്.പിയെ സസ്പെൻഡ് ചെയ്തു. ഇക്കാര്യം അന്വേഷിക്കാൻ എ.ഡി.ജി.പിയെ ചുമതലപ്പെടുത്തി. ആരു ചെയ്താലും തെറ്റായ സംഭവത്തിനെതിരെ സർക്കാരും പാർട്ടിയും മുന്നണിയും നിലപാടെടുത്തു.

എന്നാൽ ഇത് മുതലെടുത്ത് കോൺഗ്രസ് സംസ്ഥാനത്ത് അക്രമം അഴിച്ചുവിടാനും കലാപം സൃഷ്ടിക്കാനും ശ്രമിച്ചു. രാഷ്ട്രീയ പാർട്ടികളുടെ പത്ര ഓഫീസുകൾക്കും കെട്ടിടങ്ങൾക്കും നേരെ കോണ്‍ഗ്രസ് ആക്രമണം അഴിച്ചുവിട്ടു. പാർട്ടിയും മുന്നണിയും സർക്കാരും വിഷയത്തിൽ നിലപാട് സ്വീകരിച്ചിട്ടും കോണ്‍ഗ്രസ് ആക്രമണം അഴിച്ചുവിടാൻ ശ്രമിച്ചുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.