ആദായകരമായ വാഴക്കൃഷി; നടീലും പരിചരണവും

single-img
26 June 2022

കേരളത്തിൽ കൃഷിക്കാർ പ്രധാനമായും കൃഷിചെയ്യുന്ന ഇനങ്ങള്‍ നേന്ത്രന്‍, റോബസ്റ്റ, G-9, മൈസൂര്‍ പൂവന്‍ (പാളയം കോടന്‍) എന്നിവയാണ്. വിപണി ലക്ഷ്യമാക്കി കൂടുതലും കൃഷി ചെയ്യുന്നത് നേന്ത്രനാണ് (ഏത്തവാഴ). നാടന്‍, വയനാടന്‍, കോട്ടയം, മേട്ടുപ്പാളയം, സ്വര്‍ണ്ണമുഖി, ആളുനേന്ത്രന്‍ എന്നിവയാണ് പ്രധാന നേന്ത്രന്‍ ഇനങ്ങള്‍.

നാടാണ് ഉപയോഗിക്കാം- സൂചിക്കന്ന്, ടിഷ്യൂകള്‍ച്ചര്‍ തൈകള്‍.

  1. സൂചിക്കന്ന്- ഇത്തരം വാഴയില്‍ രണ്ടുതരം കന്നുകള്‍ ഉണ്ടായിരിയ്ക്കും . സൂചിക്കന്നും വെള്ളകന്നും. സൂചിക്കന്ന് സൂചിപോലെ (വാളുപോലെ) അറ്റം കൂര്‍ത്തതും ഇല വിരിയാത്തതും. മാതൃചെടിയുടെ ഉള്ളറകളില്‍ നിന്നുമുണ്ടാകുന്ന വെള്ളകന്ന്, ബാഹ്യകോശങ്ങളില്‍ നിന്ന് ഉല്പാദിപ്പിക്കുന്നതും നേരത്തേ ഇലകള്‍ വിരിയുന്നതും ഗുണകരമല്ല. വാഴനട്ട് 2-3 മാസം മുതല്‍ കന്നുകള്‍ ഉണ്ടാകുമെങ്കിലും കുല വന്നതിനു ശേഷമുള്ള കന്നുകളാണ് നടാന്‍ തിരഞ്ഞെടുക്കേണ്ടത്. അതുവരെ ഉള്ളവ നശിപ്പിക്കണം.

കുലച്ചവാഴ വിളവെടുത്തശേഷം (3-3.30 മാസം)കാലതാമസം കൂടാതെ കന്നുകള്‍ പറിച്ചുമാറ്റും. വേരുകളും കേടു ഭാഗങ്ങളും നീക്കം ചെയ്യണം. പുറം തൊലി ചെത്തി കരിക്കാല്‍ കേടില്ലെന്ന് ഉറപ്പ് വരുത്തണം. (വയലറ്റ് കലര്‍ന്ന കറുപ്പുനിറം) കുറച്ചൊക്കെയാണെങ്കില്‍ ചെത്തി മാറ്റാം. കൂടുതലാണെങ്കില്‍ ഒഴിവാക്കണം. മണവണ്ട്, പുഴുക്കള്‍ എന്നിവ കണ്ടാല്‍ അവയെ നശിപ്പിക്കണം. വാഴയില്‍നിന്ന് പറിച്ചെടുത്ത കന്നുകള്‍ ഒരു മാസത്തിനുള്ളില്‍ നടുന്നതാണുത്തമം.

കന്നു തെരഞ്ഞെടുക്കല്‍

കുല വന്നതിനു ശേഷമുണ്ടാകുന്ന സൂചിക്കന്ന്. ഇടത്തരം വലിപ്പമുള്ള നീണ്ട് ഉരുണ്ട കോഴിമുട്ട ആകൃതിയില്‍ ഉള്ളതുമായ കന്നു തെരഞ്ഞെടുക്കണം. ഒരേ വണ്ണത്തില്‍ നീണ്ട കന്നുകള്‍-കിഴങ്ങുകള്‍ അനുയോജ്യമല്ല. കുലക്കാന്‍ കൂടുതല്‍ കാലമെടുക്കും, കുല മെച്ചമാകില്ല.

സ്വന്തം കൃഷിയിടത്തില്‍ നിന്നും കന്നെടുക്കല്‍

നല്ല കുലയുള്ള വാഴകള്‍ അടയാളപ്പെടുത്തുക. കുലക്കുന്നതിന് മുമ്പുണ്ടായ എല്ലാ കന്നുകളും സമയാസമയം കുത്തിയെടുത്തു കളയുക. കുലച്ച ശേഷമുണ്ടാകുന്ന സൂചിക്കന്നുകള്‍ കുലവെട്ടിയാല്‍ കഴിവതും വേഗം വേര്‍പ്പെടുത്തിയെടുക്കുക. രോഗബാധിതമായ വാഴയില്‍ നിന്നും അതിനടുത്തു നില്‍ക്കുന്ന വാഴകളില്‍ നിന്നും കന്നെടുക്കുന്നത് കഴിവതും ഒഴിവാക്കുക. കുലയുടെ താഴെയുള്ളതും കുലക്ക് എതിര്‍ ഭാഗത്തുള്ളതുമായ 2-3 കന്നുകളാണ് അത്യുത്തമം. അവയെ യഥാക്രമം കുലതാങ്ങികന്ന് (കുലക്കന്ന്) തടതാങ്ങികന്ന് (തടക്കന്ന്) എന്ന് അറിയപ്പെടും. നേരത്തെ ആദായം കിട്ടണമെങ്കിലും പാട്ടഭൂമി നേരത്തെ ഒഴിഞ്ഞുകൊടുക്കേണ്ട വേളയിലും തടക്കന്ന് നടുന്നതാണ് ഗുണകരം. തടക്കന്ന് നട്ട് യഥാവിധി പരിചരണം നല്‍കുന്നതാകയാല്‍ അഞ്ചു മാസം കൊണ്ടു കുലക്കുകയും എട്ടാം മാസം കുല വെട്ടുകയും ചെയ്യാം.

എന്നാല്‍ പൊതുവേ കായ് കുറവാണെങ്കിലും വലുപ്പമുള്ളവയായിരിക്കും. ശരാശരി 36-42 കായ്കള്‍ ലഭിക്കും. കുലക്കന്ന് വലുത് നട്ടു പരിചരിച്ചാല്‍ ആറാംമാസം കുലക്കുകയും ഒമ്പതാം മാസം വിളവെടുക്കുകയും ചെയ്യാം. 64-72 കായ്കള്‍ വരെ ലഭിക്കാം. കുലകന്ന് ചെറുത് നട്ടാല്‍ ഏഴാം മാസം കുലക്കും, 84 ല്‍ അധികം കായ്കള്‍ ഉണ്ടാകാം, പത്തു മാസം കൊണ്ട് വിളവെടുക്കാം. കൃത്യമായ പരിചരണമുറകള്‍ അനുവര്‍ത്തിച്ചാല്‍ മാത്രമേ പ്രയോജനം ലഭിക്കുകയുള്ളൂവെന്ന കാര്യം മറക്കാതിരിക്കുക.

വിത്ത്(കന്ന്) പരിചരണം

തെരഞ്ഞെടുക്കുന്ന കന്നുകള്‍ വേരും കേടായ ഭാഗവും ചെത്തി മാറ്റി ചാണകവും ചാരവും (വെണ്ണീര്‍) കുഴമ്പുരൂപത്തില്‍ കലക്കിയ സ്ലറിയില്‍ മുക്കി മൂന്നു ദിവസം വെയിലിലോ, മഴ നനയാത്തരീതിയിലോ നിരത്തി ഇടുക. ബാക്ടീരിയ, മാണവണ്ട് എന്നിവ ഇവയെ നശിപ്പിക്കാനും നല്ല രീതീയില്‍ വേരു പൊട്ടി വരാനുമിതു സഹായിക്കും. അധികം വെയിലേല്‍ക്കാത്ത സ്ഥലത്ത് 45 ഡിഗ്രി ചെരിച്ച് അടുക്കി വച്ചാല്‍ ഏതാണ്ട് 3 ആഴ്ച കൊണ്ട് വേരു വരികയും മുളച്ചു വരികയും ചെയ്യും.(ഒരു ലിറ്റര്‍ വെള്ളത്തില്‍ 20ഗ്രാം സൃൂഡോമോണസ് എന്ന തോതില്‍ കലക്കി അരമണിക്കൂര്‍ കന്നു മുക്കി ഇടുന്നതും പ്രയോജനം ചെയ്യും). നല്ല ആരോഗ്യത്തോടെ മുളച്ചു വരുന്ന രോഗബാധയില്ലാത്ത കന്നുകള്‍ നടാനായി തെരഞ്ഞെടുക്കാം. പിന്നീട് ഉണ്ടാകുന്ന പാഴ്‌ചെലവ് കുറക്കാന്‍ അതുവഴി സാധിക്കും.

നടീലും പരിചരണവും

കര ഭൂമിയില്‍ ഒന്നര അടി (നീളം,വീതി, ആഴം) കുഴിയെടുത്തും വയലുകളില്‍ ഉയര്‍ന്ന വരമ്പുകള്‍ എടുത്തും വാഴ നടാം. നടുന്നതിനു മുമ്പ് അര കിലോഗ്രം കുമ്മായം തടത്തില്‍ ഇടുന്നത് അമ്ലത കുറക്കാനും കാല്‍സ്യം മൂലകം ലഭ്യമാക്കുന്നതിനും സഹായിക്കും. അമ്ലത(പുളിപ്പ്) ഉള്ള മണ്ണില്‍രോഗ കീടാക്രമണം കൂടുതലായിരിക്കും.

ജൈവവളപ്രയോഗം

വാഴ ഒന്നിന് ശരാശരി പത്ത് കിലോ എന്ന തോതില്‍ ജൈവ വളം നല്‍കണം. ഇതിനായി പച്ചില, കാലിവളം, കമ്പോസ്റ്റുകള്‍, കോഴിവളം, പിണ്ണാക്കുകള്‍ എന്നിവ ഉപയോഗിക്കാം. കയ്പുള്ളതും കറയുള്ളതുമായ പച്ചില വളപ്രയോഗം രോഗകീടാക്രമണം കുറയ്ക്കും. കയ്പ്പു രസമുള്ള പിണ്ണാക്കുകള്‍ (വേപ്പ്,ആവണക്ക്,ഉങ്ങ്) തടത്തില്‍ ചേര്‍ക്കുന്നത് നിമാവിര, മീലിമുട്ട, മാണവണ്ട് എന്നിവയ്‌ക്കെതിരെ പ്രയോജനം ചെയ്യും. ട്രൈക്കോഡര്‍മ എന്ന മിത്ര കുമിള്‍ ഉപയോഗിച്ച് സംപുഷ്ടമാക്കിയ ജൈവവളം ഉപയോഗിക്കുന്നത് കുമിള്‍ രോഗത്തെ കുറക്കും.കുമ്മായം,ചാരം,രാസവളം കുമിള്‍നാശിനി എന്നിവ ഉപയോഗിക്കുന്നവര്‍ രണ്ടാഴ്ച ഇടവേള നല്‍കി വേണം ട്രൈക്കോഡര്‍മ ഉപയോഗിക്കുവാന്‍. വളര്‍ച്ചാ ത്വരഗങ്ങളായ ചാണകസ്ലറി (ചാണകം+കടലപിണ്ണാക്ക്+ഗോമൂത്രം ചേര്‍ത്ത് 4 ദിവസം പുളിപ്പിച്ചത്) ജീവാമൃതം, പഞ്ചഗവ്യം എന്നിവ 10 ഇരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് രണ്ടാഴ്ച ഇടവിട്ടു നല്‍കുന്നതും , പൊട്ടാഷ് ലഭ്യമാക്കുന്നതിന് ചാരം നല്‍കുന്നതും ജൈവ കൃഷി അനുവര്‍ത്തിക്കുന്നവര്‍ക്കുള്ള ശുപാര്‍ശയാണ്.

( കടപ്പാട്- പി. വിക്രമന്‍, റിട്ട.ജോയിന്റ് ഡയറക്റ്റര്‍, കൃഷിവകുപ്പ്)