വൈദ്യുതി നിരക്ക് വർദ്ധിക്കും; സംസ്ഥാനത്തെ പുതിയ നിരക്ക് ഇന്ന് പ്രഖ്യാപിക്കും

single-img
25 June 2022

കേരളത്തിലെ പുതുക്കിയ വൈദ്യുതി നിരക്ക് ഇന്ന് പ്രഖ്യാപിക്കും. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അദ്ധ്യക്ഷൻ പ്രേമൻല ദിൻരാജ് ഉച്ചയ്ക്ക് 3.30ന് വാർത്താ സമ്മേളനത്തിൽ നിരക്ക് വർദ്ധനവ് പ്രഖ്യാപിക്കും. പ്രതിമാസം യൂണിറ്റിന് ശരാശരി 60 പൈസ വരെ കൂടാൻ സാദ്ധ്യതയുണ്ട്.

എന്നാൽ യൂണിറ്റിന് ശരാശരി 92 പൈസയുടെ വർദ്ധനവ് വേണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. 2019 ജൂലൈ 19ന് അംഗീകരിച്ച വൈദ്യുതിനിരക്കാണ് സംസ്ഥാനത്ത് നിലവിലുള്ളത്. വീടുകളിലെ വൈദ്യുതി നിരക്കിൽ 18.14 ശതമാനം വർധനയാവശ്യപ്പെട്ടുള്ള താരിഫ് പ്ലാനാണ് റഗുലേറ്ററി കമ്മീഷന് സമർപ്പിച്ചിട്ടുള്ളത്. ചെറുകിട വ്യവസായിക ഉപഭോക്താക്കൾക്ക് 11.88 ശതമാനവും, വൻകിട വ്യാവസായിക ഉപഭോക്താക്കൾക്ക് 11.47 ശതമാനം വർദ്ധനയും വേണമെന്നാണ് കെഎസ്ഇബിയുടെ ശുപാർശ.

ഇതോടൊപ്പം തന്നെ കൊച്ചി മെട്രോക്കുള്ള നിരക്ക് യൂണിറ്റിന് 6.46 രൂപയെന്നത് 7.18 ആക്കി ഉയർത്തണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുണ്ട്. യൂണിറ്റിന് 92 പൈസ നിരക്ക് വർദ്ധനയിലൂടെ 2,284 കോടി വരുമാനം കണ്ടെത്താനാകുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ. നിലവിലെ സാഹചര്യത്തിൽ ബോർഡിന്റെ ആവശ്യത്തിൽ വലിയ ഭേദഗതികൾ ഇല്ലാതെ നിരക്ക് വർദ്ധനവ് ഉണ്ടായേക്കും. നിരക്ക് വർദ്ധനയിലൂടെ 2, 284 കോടി വരുമാനം കണ്ടെത്താനാകുമെന്നാണ് കെ.എസ്.ഇബി പ്രതീക്ഷിക്കുന്നത്.

അതേസമയം ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ച് വൈദ്യുതി ചാർജ് കുടിശ്ശിക ഇനത്തിൽ 2,117 കോടി രൂപയാണ് കെഎസ്ഇബിക്ക് പിരിഞ്ഞുകിട്ടാനുള്ളത്. ഇതിൽ സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളുടെ കുടിശ്ശിക 1,020.74 കോടിയാണ്. സ്വകാര്യ സ്ഥാപനങ്ങളുടെ കുടിശ്ശിക 1,023.76 കോടിയുമാണ്.