ആരെങ്കിലും വിരുന്നിന് വിളിച്ചാൽ അപ്പോൾതന്നെ പോകേണ്ട കാര്യം മുസ്‌ലിംലീഗുകാരെ സംബന്ധിച്ച് ഇല്ല; കെഎൻഎ ഖാദറിനെതിരെ സാദിഖലി ശിഹാബ് തങ്ങൾ

single-img
22 June 2022

ആർഎസ്എസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് വിവാദത്തിൽപ്പെട്ട മുസ്‌ലിം ലീഗ് നേതാവ് കെ.എൻ.കെ ഖാദറിനെതിരെ പരോക്ഷ വിമർശനവുമായി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ രംഗത്തെത്തി .

വയനാട്ടിൽ നടന്ന മുസ്‌ലിം ലീഗ് പരിപാടിയിൽ സംസാരിക്കവെ ,” അച്ചടക്ക ബോധമുള്ള പാർട്ടിക്കാരാകുമ്പോൾ ആരെങ്കിലും വിളിച്ചാൽ അപ്പോഴേക്കും പോകേണ്ട. എവിടേക്ക് പോകുമ്പോഴും വരുമ്പോഴും നാം നോക്കണം. നമുക്ക് അങ്ങോട്ടു പോകാൻ പറ്റുമോ എന്ന് ചിന്തിക്കണം. അതിന് സാമുദായികമായ പ്രത്യേകതകൾ നോക്കേണ്ടി വരും. രാജ്യസ്‌നേഹപരമായ പ്രത്യേകതകൾ നോക്കേണ്ടി വരും. സാമൂഹികമായ പ്രത്യേകതകൾ നോക്കേണ്ടി വരും. അതല്ലാതെ ആരെങ്കിലും വിരുന്നിന് വിളിച്ചാൽ അപ്പത്തന്നെ പോകേണ്ട കാര്യം മുസ്‌ലിംലീഗുകാരെ സംബന്ധിച്ച് ഇല്ല” എന്ന് അദ്ദേഹം പറഞ്ഞു.

പാർട്ടിക്ക് വെളിയിലുള്ളവർ എന്തെങ്കിലും പറഞ്ഞാൽ അവ പാർട്ടി തീരുമാനങ്ങളാണെന്ന് ആരും തെറ്റിദ്ധരിക്കരുതെന്നും പാർട്ടി യോഗം കൂടി പറയുന്നതാണ് ഔദ്യോഗിക തീരുമാനമെന്നും തങ്ങൾ അറിയിച്ചു.

അതേസമയം, കെഎൻഎ ഖാദർ ആർഎസ്എസ് വേദിയിൽ പങ്കെടുത്തതിൽ വിശദീകരണവുമായി മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു.
വിഷയത്തിൽ കെഎൻഎ ഖാദർ വിശദീകരണം നൽകി. തൃപ്തികരമാണോ എന്ന് പരിശോധിക്കുമെന്നുമാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നത്.