പൊതു നീന്തൽ കുളങ്ങളില്‍ ശരീരം മറയ്ക്കുന്ന ബുര്‍ക്കിനി ധരിക്കാന്‍ പാടില്ല; ഒരു വിഭാഗം മുസ്ലിം സ്ത്രീകളുടെ ആവശ്യം തള്ളി കോടതി

single-img
22 June 2022

രാജ്യത്തെ പൊതു നീന്തല്‍ കുളങ്ങളില്‍ സ്ത്രീകള്‍ ശരീര ഭാഗങ്ങൾ പൂർണ്ണമായി മറയ്ക്കുന്ന ബുര്‍ക്കിനി ധരിക്കുന്നത് വിലക്കിയ കീഴ്‌ക്കോടതി തീരുമാനത്തെ ശരിവെച്ച് ഫ്രാന്‍സിലെ ഹൈക്കോടതി രംഗത്തെത്തി . ഫ്രാൻസിലെ ഗ്രെനൊബിള്‍ സിറ്റി കൗണ്‍സിലിലെ നീന്തല്‍ കുള ചട്ടങ്ങള്‍ സംബന്ധിച്ച തീരുമാനമാണ് കോടതി ശരിവെച്ചത്.

രാജ്യത്തെ പൊതുകുളങ്ങളില്‍ ശരീരം മറയ്ക്കുന്ന ബുര്‍ക്കിനി ധരിക്കാന്‍ അനുവദിക്കണമെന്ന ഒരു വിഭാഗം മുസ്ലിം സ്ത്രീകളുടെ ആവശ്യം കോടതി തള്ളുകയായിരുന്നു. അതേസമയം, നേരത്തെ മുസ്ലിം സ്ത്രീകളുടെ ആവശ്യം പരിഗണിച്ച് പൊതുകുളങ്ങളില്‍ ബുര്‍ക്കിനി ധരിക്കാന്‍ നഗര കൗണ്‍സില്‍ അനുമതി നല്‍കിയിരുന്നു. പിന്നീട് പ്രാദേശിക കോടതി ഈ ഇളവ് പിന്‍വലിക്കുകയുണ്ടായി. ഈ ഉത്തരവാണ് ഇപ്പോള്‍ ഹൈക്കോടതി ശരിവെച്ചിരിക്കുന്നത്.

നടപടി ​ഗ്രെനോബിൾ ന​ഗരസഭയുടെ അവകാശ വാദത്തിന് വിരുദ്ധവും മതപരമായ ആവശ്യത്തെ തൃപ്തിപ്പെടുത്താൻ മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല ഇത് നീന്തൽ കുളങ്ങളിലെ ശുചിത്വത്തെയും സുരക്ഷാ മാനദണ്ഡങ്ങളെയും ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. മതേതരത്വത്തിന്റെയും മുഴുവന്‍ രാജ്യത്തിന്റെയും വിജയമാണ് കോടതി വിധിയെന്ന് ഫ്രാന്‍സ് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ദര്‍മനിന്‍ ഇതിനോട് പ്രതികരിച്ചു.