സമരത്തിനിടെ മഹിളാ കോൺഗ്രസ് ദേശീയ നേതാവ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ തുപ്പിയെന്ന് ആരോപണം

single-img
21 June 2022

ഇഡിക്കെതിരെ കോൺഗ്രസ് നടത്തുന്ന പ്രതിഷേധ സമരത്തിനിടയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ കോളറിൽ പിടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രേണുക ചൗധരി വിവാദത്തിൽപ്പെട്ടതിന് പിന്നാലെ, മഹിളാ കോൺഗ്രസ് ദേശീയ ആക്ടിംഗ് പ്രസിഡന്റ് നെറ്റ ഡിസൂസയും വിവാദത്തിൽ. ഇന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഇവർ തുപ്പിയെന്ന് ആരോപണമുയർത്തിയത് ബിജെപിയാണ്.

ആരോപണത്തിന് പിന്നാലെ സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ നെറ്റ ഡിസൂസക്കെതിരെ വ്യാപക വിമർശനമുയർന്നു. നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നതിനെതിരെ നടത്തിയ പ്രതിഷേധ സമരത്തിനിടെയാണ് നെറ്റ ഡിസൂസ പോലീസുകാർക്കും വനിതാ സുരക്ഷാ ഉദ്യോഗസ്ഥർക്കും നേരെ തുപ്പിയത്.

പ്രതിഷേധം നടത്തിയവരെ ദില്ലി പൊലീസ് കസ്റ്റഡിയിൽ എടുത്ത് ബസിൽ കയറ്റിയപ്പോഴാണ് സംഭവം. പോലീസ് ബസിന്റെ വാതിലിൽ നിൽക്കുമ്പോഴാണ് പുറത്തുള്ള പൊലീസുകാർക്ക് നേരെ നെറ്റ ഡിസൂസ തുപ്പിയത്. അതേസമയം, പൊലീസ് തന്റെ മുടിയിൽ പിടിച്ച് വലിച്ചെന്നും ആ സമയം തന്റെ വായിൽ വിഴുങ്ങാൻ കഴിയാത്തവിധം ചെളി നിറഞ്ഞിരുന്നെന്നും അതുകൊണ്ടാണ് തുപ്പിയതെന്നും നെറ്റ പ്രതികരണം തേടിയ മാധ്യമങ്ങൾക്ക് വിശദീകരണം നൽകി. എന്നാൽ നെറ്റയുടെ നടപടി ലജ്ജാകരവും വെറുപ്പുളവാക്കുന്നതുമാണെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൊന്നാവല്ല സോഷ്യൽ മീഡിയയിൽ ട്വീറ്റ് ചെയ്തു.