രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് അറിയിച്ച് ഗോപാല്‍കൃഷ്ണ ഗാന്ധി

single-img
20 June 2022

ഇന്ത്യയിൽ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാനുള്ള പ്രതിപക്ഷപാര്‍ട്ടികളുടെ യോഗം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ താൻ മത്സരിക്കാനില്ലെന്ന് അറിയിച്ച് ഗോപാല്‍കൃഷ്ണ ഗാന്ധി.
പ്രതിപക്ഷത്തിനായി മത്സരിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷകക്ഷികള്‍ സംയുക്തമായി അദ്ദേഹത്തെ സമീപിച്ചിരുന്നു. സമവായം ഇല്ലാത്തതിനാൽ നേതാക്കളുടെ ആവശ്യം അദ്ദേഹം നിരസിക്കുകയായിരുന്നു.

ഇന്ന് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലൂടെയാണ് സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് അദ്ദേഹം അറിയിച്ചത്. പ്രതിപക്ഷത്തെ ചില മുതിര്‍ന്ന നേതാക്കള്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനാകുമോ എന്നന്വേഷിച്ച് തന്നെ സമീപിച്ചിരുന്നു. അവരോട് കടപ്പാട് രേഖപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി തീര്‍ച്ചയായും പ്രതിപക്ഷം ഒത്തൊരുമിച്ച് നിര്‍ദ്ദേശിക്കേണ്ട ഒരാളായിരിക്കണം. രാജ്യമാകെ ഒരേപോലെ അംഗീകരിക്കുന്ന ഒരാളാണ് അത്തരമൊരു പദവി വഹിക്കേണ്ടതെന്നും അതിന് തന്നേക്കാള്‍ മികച്ച ആളുകളുണ്ടാകും എന്നാണ് കരുതുന്നത് എന്നുമാണ് അദ്ദേഹം വാര്‍ത്താക്കുറിപ്പിലൂടെ പറഞ്ഞത്.

അതേസമയം, നേരത്തെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ലയും മത്സരിക്കാനില്ലെന്ന് അറിയിച്ചിരുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് ഗോപാല്‍കൃഷ്ണ ഗാന്ധിയുടെ പേര് മുന്നോട്ടുവെച്ചത്. എന്നാല്‍ ബിജു ജനതാദള്‍, ടിആര്‍എസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്ക് അദ്ദേഹത്തിന്റെ പേരിനോട് യോജിപ്പില്ലെന്നും സൂചനകളുണ്ട്