കോര്‍പ്പറേറ്റ് ശൈലി സൈന്യത്തില്‍ കൊണ്ടുവരാൻ ശ്രമം; കേന്ദ്രം അഗ്നിപഥിൽ നിന്നും പിന്മാറണം: വിഡി സതീശൻ

single-img
18 June 2022

കോര്‍പ്പറേറ്റ് ശൈലി രാജ്യത്തിന്റെ സൈന്യത്തില്‍ കൂടി കൊണ്ട് വരാനുള്ള കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്‍റെ നീക്കമാണ് അഗ്നിപഥ് പദ്ധതിക്ക് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഈ പദ്ധതി വഴി രാജ്യത്തെ തൊഴില്‍ മേഖലയില്‍ ഒരു പുതിയ സംസ്‌കാരത്തിന് വഴി തെളിയിക്കുകയാണ്.

ലഭിക്കുന്ന ജോലിയിലെ സ്ഥിരതയില്ലായ്മയാണ് കോര്‍പറേറ്റ് രീതി. അതേപോലെ ജോലിയിലെ സ്ഥിരതയില്ലായ്മ സൈന്യത്തില്‍ കൊണ്ടുവരുന്നത് അപകടകരമാണ്. നമ്മുടെ റആജ്യത്തിന്റെ സൈന്യത്തിന്‍റെ അച്ചടക്കത്തെയും ഇത് പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യൻ സൈന്യത്തില്‍ സ്വതന്ത്ര്യത്തിന് ശേഷം ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ കാലം മുതല്‍ തുടങ്ങിയ ഒരു രീതിയുണ്ട്. അതില്‍ കാലാനുസൃതമായ മാറ്റം വരുത്താം.

പക്ഷെ അങ്ങിനെ ചെയ്യുമ്പോൾ ജോലി സ്ഥിരതയില്ലായ്മ ചെറുപ്പക്കാര്‍ക്കിടയില്‍ അനിശ്ചിതത്വവും നിരാശരാക്കും. ആ നിരാശയില്‍ നിന്നാണ് പ്രതിഷേധങ്ങള്‍ ഉണ്ടാകുന്നത്. കോര്‍പ്പറേറ്റ് പ്രീണന നിലപാടില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് യുഡിഎഫ് ആവശ്യപ്പെടുകയാണെന്ന് വിഡി സതീശൻ പറഞ്ഞു.

അതേപോലെ തന്നെ വ്യവസായി എംഎ യൂസഫലി ലോക കേരള സഭയില്‍ നടത്തിയ പരാമര്‍ശത്തിനെതിരെയും സതീശൻ വിമർശനം ഉന്നയിച്ചു. പരാമര്‍ശം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. രാഷ്ട്രീയ കാരണങ്ങളാലാണ് പങ്കെടുക്കേണ്ടെന്ന് യു ഡി എഫ് തീരുമാനിച്ചത്. ഇക്കാര്യം പ്രതിപക്ഷ നേതാവെന്ന നിലയില്‍ യൂസഫലിയെ അറിയിച്ചതുമാണ്.

കെപിസിസി ഓഫീസുകളും കോണ്‍ഗ്രസ് ഓഫീസുകളും തകര്‍ക്കുകയും കന്‍റോണ്‍മെന്‍റ് ഹൗസില്‍ അക്രമികളെ വിടുകയും പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുമായി വേദി പങ്കിടുന്നതിലുള്ള പ്രയാസം യൂസഫലിയോട് പ്രകടിപ്പിച്ചിരുന്നു. ഈ കാര്യങ്ങളെല്ലാം അറിഞ്ഞിട്ടും പ്രവാസികള്‍ക്ക് ഭക്ഷണം നല്‍കുന്നതും താമസം ഒരുക്കുന്നതുമാണ് യുഡിഎഫ് എതിര്‍ക്കുന്നതെന്ന രീതിയില്‍ യൂസഫലി നടത്തിയ പരാമര്‍ശം നിര്‍ഭാഗ്യകരമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.