യുപിയിൽ ജില്ലാ മജിസ്‌ട്രേറ്റിന്റെ പശുവിനെ പരിചരിക്കാന്‍ ഏഴ് സര്‍ക്കാര്‍ മൃഗ ഡോക്ടര്‍മാര്‍

single-img
12 June 2022

യുപിയിൽ ജില്ലാ മജിസ്‌ട്രേറ്റിന്റെ പശുവിനെ പരിചരിക്കാന്‍ ഏഴ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് ചുമതല നല്‍കിയത് വിവാദത്തില്‍. ജില്ലാ മജിസ്‌ട്രേറ്റായ അനുപ്രിയ ദുബെയുടെ അസുഖമുള്ള പശുവിനെ പരിചരിക്കാനാണ് സര്‍ക്കാര്‍ മൃഗഡോക്ടര്‍മാരെ കൂട്ടത്തോടെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഫത്തേപൂര്‍ ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.എസ് കെ തിവാരി ഇറക്കിയത്.

ഇദ്ദേഹം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഡോക്ടര്‍മാര്‍ രാവിലെയും വൈകിട്ടുമായി രണ്ട് നേരം പശുവിനെ പരിശോധിക്കണം. അതിന് ശേഷം ചീഫ് വെറ്ററിനറി ഓഫീസറിന് പരിശോധനാ റിപ്പോര്‍ട്ട് നല്‍കണം. ഈ മാസം ഒമ്പതിനാണ് ഈ വിചിത്രമായ ഉത്തരവ് ഇറങ്ങിയത്.

ഇതാദ്യമായല്ല, ഉത്തര്‍പ്രദേശില്‍ നേരത്തെയും ഉന്നതര്‍ക്ക് വേണ്ടി ഇതുപോലെയുള്ള അസാധാരണ ഉത്തരവുകള്‍ ഇറക്കിയിട്ടുണ്ട്. 2017ല്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന്റെ പോത്തുകളെ കണ്ടെത്താനായി രാംപൂര്‍ പൊലീസ് സന്നാഹത്തെ മുഴുവന്‍ രംഗത്തിറക്കിയിരുന്നു. അതിനു ശേഷം പൊലീസ് നായകളുടെ സഹായത്തോടെയാണ് മോഷ്ടിക്കപ്പെട്ട പോത്തുകളെ കണ്ടെത്തിയത്.