കാറ്റാടി വൈദ്യുതി നിലയത്തിനുള്ള കരാർ അദാനിക്ക് നൽകണമെന്ന് മോദി ശ്രീലങ്കൻ പ്രസിഡന്റിനെ നിർബന്ധിച്ചു; വെളിപ്പെടുത്തൽ

single-img
12 June 2022

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ ഗുരുതരമായ ആരോപണവുമായി സിലോൺ വൈദ്യുത ബോർഡ് ചെയർമാൻ. ശ്രീലങ്കയിൽ നടപ്പാക്കാനിരുന്ന കാറ്റാടി വൈദ്യുതി നിലയത്തിനുള്ള കരാർ ഗൗതം അദാനിക്ക് നൽകണമെന്ന് മോദി പ്രസിഡന്റ് ​ഗൊതബായ രജപക്സെയെ നിർബന്ധിച്ചുവെന്നാണ് ആരോപണം.

എന്നാൽ പ്രസ്താവന വിവാദമായതോടെ സിലോൺ വൈദ്യുത ബോർഡ് ചെയർമാൻ എം എം സി ഫെർഡിനാൻഡോ പരാമർശം പിൻവലിക്കുകയും ചെയ്തു. ശ്രീലങ്കയിൽ സർക്കാരിന് കീഴിലെ 500 മെഗാവാട്ടിന്റെ കാറ്റാടി വൈദ്യുതി നിലയം ആരംഭിക്കാൻ അദാനി ഗ്രൂപ്പിന് അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് നരേന്ദ്ര മോദി സമ്മർദം ചെലുത്തി. ​ഗൊതബായയാണ് ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയതെന്നും ഫെർഡിനാൻഡോ പറഞ്ഞിരുന്നു.

ശ്രീലങ്കയുടെ പാർലമെന്റിന്റെ പൊതുസംരംഭ സമിതിക്കു മുൻപാകെ നടന്ന വാദംകേൾക്കലിനിടെയായിരുന്നു ഫെർഡിനാൻഡോയുടെ ഈ പ്രസ്താവനയെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേപോലെ തന്നെ, പദ്ധതിക്കായി അദാനിയെ എങ്ങനെയാണ് തിരഞ്ഞെടുത്തതെന്ന പാർലമെന്റ് സമിതിയുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഫെർഡിനാൻഡോ എന്നും റിപ്പോർട്ടിൽ പറയുന്നു.