പ്രതിഷേധപ്രകടനത്തിൽ പൊലീസിന് നേരെ ഓട്ടുരുളിയെറിഞ്ഞ് തട്ടിപ്പുക്കേസ് പ്രതിയായ കോണ്‍ഗ്രസ് നേതാവ്

single-img
9 June 2022

സ്വര്‍ണക്കടത്ത് കേസിലെ സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ നടത്തിയ പ്രതിഷേധപ്രകടനത്തിനിടെ പൊലീസിന് നേരെ ഓട്ടുരുളിയെറിഞ്ഞ് തട്ടിപ്പുക്കേസ് പ്രതിയായ കോണ്‍ഗ്രസ് നേതാവ്. വാത്തുരുത്തി സ്വദേശിയായ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ടിബിന്‍ ദേവസിയാണ് പൊലീസിന് നേരെ ഉരുളിയെറിഞ്ഞത്.

ഇന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഭവം. വഴിയാത്രക്കാര്‍ പോകുന്ന സമയത്താണ് ടിബിന്‍ പ്രകോപനവുമില്ലാതെ ഉരുളി ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കൈകളിൽ ബിരിയാണി ചെമ്പും ഉരുളിയും സഹിതമാണ് യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടത്തിയത്.

ഈ വർഷം ഏപ്രില്‍ എട്ടിനാണ് വ്യാപാരിയെ തട്ടിക്കൊണ്ട് പോയി രണ്ടുലക്ഷം രൂപ കവര്‍ന്ന കേസില്‍ ടിബിനെ എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി ഇടപ്പള്ളിയില്‍ വ്യാപാരിയായ കാസർകോട് സ്വദേശിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. മാത്രമല്ല, എറണാകുളം ഗവ. ലോ കോളേജിലെ എസ്എഫ്‌ഐ കൊടിമരം നശിപ്പിച്ച കേസിലും പ്രതിയാണ് ടിബിന്‍.