വെള്ളിയാഴ്ച നമസ്‌കാരത്തിന് ജനങ്ങൾ ഒരുമിച്ചുകൂടുന്നത് നിരോധിക്കണമെന്ന് ആവശ്യം; പൂജ ശകുൻ പാണ്ഡെക്കെതിരെ പോലീസ് കേസെടുത്തു

single-img
8 June 2022

ആളുകൾ കൂടുന്ന വെള്ളിയാഴ്ച നമസ്‌കാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയ ഹിന്ദുത്വ നേതാവ് പൂജ ശകുൻ പാണ്ഡെയ്‌ക്കെതിരെ യുപി പോലീസ് കേസെടുത്തു. അഖിൽ ഭാരത് ഹിന്ദു മഹാസഭ(എബിഎച്ച്എം) ദേശീയ ജനറൽ സെക്രട്ടറിയായ പൂജ ശകുൻ പാണ്ഡെ നേരത്തെ മഹാത്മാ ഗാന്ധിയുടെ കോലത്തിനുനേരെ വെടിവച്ച് വാർത്തകളിൽ നിറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു നമസ്‌കാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പൂജ ശകുൻ അലിഗഢിലെ ഭരണകൂടത്തിന് പരാതി നൽകിയത്.

വെള്ളിയാഴ്ച ദിവസങ്ങളിലെ നമസ്‌കാരത്തിന് ജനങ്ങൾ ഒരുമിച്ചുകൂടുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രക്തംകൊണ്ടെഴുതിയ കത്ത് ഇവർ രാഷ്ട്രപതിക്ക് അയയ്ക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ പരാതിയും പ്രതിഷേധവും ഉയർന്നതോടെയാണ് ഗാന്ധി പാർക്ക് പൊലീസ് കേസെടുത്തത്.

ഐപിസി 153എ, 153ബി, 295എ, 505 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് അലിഗഢ് പൊലീസ് സൂപ്രണ്ട് കലാനിധി നൈഥാനി അറിയിച്ചു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. കുറ്റക്കാരിയാണെന്നു കണ്ടെത്തിയാൽ മറ്റു നടപടികൾ കൈക്കൊള്ളുമെന്നും എസ്.പി അറിയിച്ചു.

അതേസമയം, താൻ പ്രകോപനപരമായ ഒരു പരാമർശവും നടത്തിയിട്ടില്ലെന്ന് പൂജ ശകുൻ പ്രതികരിച്ചു. സത്യം പറഞ്ഞത് ഏതെങ്കിലും മതക്കാരുടെ വികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഖേദമറിയിക്കുന്നുവെന്നും പൂജ നോട്ടീസിനു മറുപടിയായി പറഞ്ഞു.