പ്രവാചക നിന്ദ; നുപുർ ശർമയേയും നവീൻ ജിൻഡാലിനേയും ഉടൻ അറസ്റ്റ് ചെയ്യണം; ഡൽഹി പൊലീസ് കമ്മീഷണർക്ക് കത്തയച്ച് സിപിഎം

single-img
6 June 2022

പ്രവാചക നിന്ദ നടത്തിയ ബിജെപി ദേശീയ വക്താക്കളായ നുപുർ ശർമയേയും, നവീൻ ജിൻഡാലിനേയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം ഡൽഹി സംസ്ഥാന കമ്മിറ്റി. ഈ ആവശ്യവുമായി ഡൽഹി പൊലീസ് കമ്മീഷണർക്ക് സിപിഎം കത്തയച്ചു.

സമൂഹത്തിൽ വർഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചുളള പ്രസ്താവനയെന്ന് സിപിഎം പരാതിയിൽ വ്യക്തമാക്കി. അതേസമയം പ്രവാചകനെതിരായ ബിജെപി നേതാക്കളുടെ പരാമർശത്തിൽ പ്രതിഷേധമറിയിച്ച ലോകത്തെ ഇസ്‍ലാമിക രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഒഐസിക്കെതിരെ കേന്ദ്ര സർക്കാർ രംഗത്തെത്തി .

ഇന്ത്യയിലെ മുസ്ലിം സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കണം.മതപരവും സാംസ്‌കാരികവുമായ അവകാശങ്ങളും വ്യക്തിത്വം, അന്തസ്, ആരാധനാലയങ്ങൾ എന്നിവ സംരക്ഷിക്കാനും ഇന്ത്യൻ അധികാരികൾ തയാറാകണമെന്നും ഒഐസി ആവശ്യപ്പെട്ടിരുന്നു.ഈ പ്രസ്‌താവനയ്‌ക്ക്‌ പിന്നിൽ ചിലരുടെ പ്രേരണയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ചില വ്യക്തികളുടെ പ്രസ്‌താവന രാജ്യം ഭരിക്കുന്ന സർക്കാരിൻറെ നിലപാടല്ലെന്ന് പറഞ്ഞ വിദേശകാര്യ മന്ത്രാലയം ഇന്ത്യ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന രാജ്യമാണെന്നും വ്യക്തമാക്കുകയുണ്ടായി.