പ്രതിശ്രുത വരനെ തട്ടിപ്പുകേസിൽ പിടികൂടിയ വനിതാ സബ് ഇൻസ്പെക്ടറും അതേ കേസിൽ അറസ്റ്റിൽ

single-img
5 June 2022

പ്രതിശ്രുത വരനെ തട്ടിപ്പുകേസിൽ പിടികൂടിയ അസമിലെ പൊലീസ് ഉദ്യോഗസ്ഥ ജുൻമോനി രാഭയും അതേ കേസിൽ അറസ്റ്റിൽ.സംസ്ഥാനത്തെ നാഗൺ ജില്ലയിൽ സബ് ഇൻസ്പെക്ടറായിരുന്ന രാഭയെ കഴിഞ്ഞ രണ്ടു ദിവസമായി ചോദ്യം ചെയ്യുകയായിരുന്നു. ഇവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ഭാവി വരൻ കരാറുകാരുമായി ഒപ്പുവച്ച സാമ്പത്തിക ഇടപാടുകൾ യാഥാർഥ്യമാക്കാൻ രാഭയെ പരിചയപ്പെടുത്തുകയും അതുവഴി വിശ്വാസം നേടിയെടുത്ത ശേഷം കരാറുകാരെ വഞ്ചിക്കുകയും ചെയ്‌തതായാണ് പരാതി.

ധാരാളം കരാറും ആളുകൾക്കു ജോലിയും നേടിത്തരാമെന്ന് വാഗ്‌ദാനം ചെയ്ത ശേഷം പൊഗാഗ് കബളിപ്പിച്ചെന്നാണു രാഭ കുറ്റപത്രം നൽകിയത്. ഇയാളെ പൊലീസ് അറസ്‌റ്റ് ചെയ്യുകയും മജൂലി ജയിലിൽ അടയ്ക്കുകയും ചെയ്‌തു. പിന്നാലെ തന്നെ ‘ലേഡി സിങ്കം’, ‘ദബാങ് പൊലീസ്’ എന്നീ പേരുകളിൽ അറിയപ്പെടുന്ന രാഭയ്ക്കെതിരെയും ആരോപണങ്ങൾ ഉയരുകയായിരുന്നു.

നിലവിൽ പോലീസ് രാഭയെ മജൂലി ജില്ലാ ജയിലിൽ അടച്ചു. 2021 ഒക്ടോബറിലാണ് പൊഗാഗുമായി രാഭയുടെ വിവാഹനിശ്ചയം നടന്നത്. വ്യാജമായ വിവരങ്ങൾ നൽകി എസ്ഐയെ വഞ്ചിക്കുകയും വ്യാജ ജോലി വാഗ്ദാനം നൽകി ഒട്ടേറെപ്പേരിൽനിന്നു പണം കൈപ്പറ്റുകയും ചെയ്ത കുറ്റത്തിനാണ് എസ്ഐയുടെ ഭാവി വരനായ റാണ പഗാഗിനെ അസം പൊലീസ് അറസ്റ്റ് ചെയ്തത്.

ഒഎൻജിസിയിൽ പിആർ ഓഫിസറാണെന്നു കള്ളം പറഞ്ഞാണ് ഇയാൾ എസ്ഐയുമായി വിവാഹ നിശ്ചയം നടത്തിയത്. എന്നാൽ, ഒഎൻജിസി ജീവനക്കാരനല്ലെന്നു ചിലർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു ഭാവി വരന്റെ വഞ്ചന എസ്ഐ കണ്ടെത്തിയത്. പരിശോധനയിൽ ഇയാളുടെ വീട്ടിൽനിന്ന് ഒഎൻജിസിയുമായി ബന്ധപ്പെട്ട വ്യാജരേഖകളും സീലുകളും ഉൾപ്പെടെയുള്ളവ പൊലീസ് കണ്ടെടുത്തു. ഈ വർഷം നവംബറില്‍ വിവാഹം നടക്കാനിരിക്കെയാണു പ്രതിശ്രുത വരനെ എസ്ഐ വഞ്ചനാക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്.