ജോ ജോസഫിന് എതിരെ വ്യാജ വീഡിയോ; നാണവും മാനവുണ്ടെങ്കില്‍ യു ഡി എഫ് കേരള ജനതയോട് മാപ്പ് പറയണം: എം സ്വരാജ്

single-img
31 May 2022

തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാർഥി ജോ ജോസഫിന് എതിരെയുള്ള വ്യാജ വീഡിയോ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാപ്പു പറയണമെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്. വീഡിയോ ട്വിറ്ററില്‍ അപ്‌ലോഡ് ചെയ്ത ഗ് പ്രവര്‍ത്തകനായ മലപ്പുറം കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് പിടിയിലായ പിന്നാലെയാണ് സ്വരാജ് പ്രതികരണവുമായി എത്തിയത്.

സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിന്റെ മുന്നണിയുടെ ഭാഗമായവരാണ് വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നില്‍ എന്ന് വ്യക്തമായി. ഈ സാഹചര്യത്തില്‍ നാണവും മാനവുണ്ടെങ്കില്‍ യു ഡി എഫ് കേരള ജനതയോട് മാപ്പ് പറയണം. ജനാധിപത്യത്തോട് അല്പമെങ്കിലും ബഹുമാനമുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് തിരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കണമെന്നും സ്വരാജ് പറഞ്ഞു.സൈബര്‍ കുറ്റകൃത്യങ്ങള്‍ നിരന്തരം നടത്തുന്ന കൂട്ടമാണ് യുഡിഎഫ് എന്നും സ്വരാജ് ആരോപിച്ചു.

വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിക്കുമോയെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിച്ചിരുന്നു. തൃക്കാരയിലെ പൊലീസ് പ്രതിയെ പിടിച്ചിരിക്കുകയാണ്. എതിര്‍ സ്ഥാനാര്‍ത്ഥിയെ വ്യാജ വീഡിയോയിലൂടെ അപകീര്‍ത്തിപ്പെടുത്തിയ യുഡിഎഫിന് മത്സരിക്കാനുള്ള ധാര്‍മികത നഷ്ടപ്പെട്ടിരിക്കുന്നു. ഇതുവരെ നടത്തിയ പ്രതികരണങ്ങള്‍ക്ക് വി ഡി സതീശന്‍ മാപ്പ് പറയണമെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.