തൃശൂർ ഡിസിസി ജനറൽ സെക്രട്ടറി കോൺഗ്രസ് വിട്ടു; തൃക്കാക്കരയിൽ കൊടിയേരി ബാലകൃഷ്ണൻ രക്തഹാരം അണിയിച്ച് സിപിഎമ്മിലേക്ക് സ്വീകരിച്ചു

single-img
28 May 2022

തൃശൂർ ജില്ലയിൽ കോൺഗ്രസിന് വീണ്ടും കനത്ത തിരിച്ചടി. ഡിസിസി ജനറൽ സെക്രട്ടറി വിജയഹരി കോൺഗ്രസ്‌ വിട്ടു സിപിഎമ്മിൽ ചേർന്നു. മുൻ നിയമസഭ തെരഞ്ഞെടുപ്പിൽ മണലൂർ മണ്ഡലത്തിൽ കോൺഗ്രസ്‌ സ്ഥാനാർഥിയായി ഇദ്ദേഹം മത്സരിച്ചിരുന്നു.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര കാക്കനാട് പാട്ടുപുരക്കൽ ജംഗ്ഷനിൽ ഇന്ന് നടന്ന തെരെഞ്ഞെടുപ്പ് യോഗത്തിൽ വെച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ രക്തഹാരം അണിയിച്ച് വിജയഹരിയെ പാർട്ടിയിലേക്ക് സ്വീകരിച്ചു. ജനങ്ങളോടൊപ്പം നിൽക്കുന്ന ഏക പാർട്ടി സിപിഎം ആണെന്ന് വിജയ് ഹരി പറഞ്ഞു.

നാടിനോട് വികസന വിരോധമുള്ളമുള്ളവരാണ് സിപിഎമ്മുകാരെന്നായിരുന്നു തങ്ങളുടെ മനസിലുണ്ടായിരുന്നത്. എന്നാൽ അവർ കെ റെയിൽ പോലൊരു പദ്ധതി കൊണ്ടു വന്നപ്പോൾ അത്ഭുതമായിരുന്നു. ഇതിനെ എതിർക്കുകയായിരുന്നു താൻ നിന്നിരുന്ന പാർട്ടി ചെയ്തത്. കെ റെയിലിനെതിരെ അടിസ്ഥാനരഹിതമായും തെറ്റിദ്ധരിപ്പിച്ചും സമരം നടത്തുകയാണ്. കെ റെയിൽ വരുന്നതോടെ രാജ്യത്ത് തന്നെ കേരളത്തിൻറെ മുഖം മാറുമെന്നും വിജയ്ഹരി പറഞ്ഞു.

കോൺഗ്രസിൽ എ ഗ്രൂപ്പുകാരനാണെങ്കിലും എല്ലാ നേതാക്കളുമായും ഏറെ അടുപ്പമുള്ളയാളാണ് വിജയഹരി. കഴിഞ്ഞ ആഴ്ചയിൽ തൃശൂർ പൂരത്തിനുൾപ്പെടെ തൃശൂരിലെത്തിയ ചാണ്ടി ഉമ്മൻ താമസിച്ചിരുന്നത് വിജയ് ഹരിയുടെ വീട്ടിലായിരുന്നു. അതേസമയം, പണം കൊടുത്താണ് വിജയ് ഹരിക്ക് മണലൂരിൽ സീറ്റ് അനുവദിച്ചതെന്ന ആരോപണമുന്നയിച്ചായിരുന്നു ഡിസിസി ജനറൽ സെക്രട്ടറിയായിരുന്ന സിഐ സെബാസ്റ്റ്യൻ കോൺഗ്രസിൽ നിന്നും രാജിവെച്ച് എൻസിപിയിൽ ചേർന്നത്.

ഏതാനും നാളുകൾക്ക് മുൻപ് മാത്രമാണ് യുഡിഎഫ് തൃശൂർ നിയോജകമണ്ഡലം ചെയർമാൻ അടക്കമുള്ള നിരവധി നേതാക്കൾ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. ഇവരുടെ കൊഴിഞ്ഞുപോക്കോടെ കോൺഗ്രസ് ഭരിച്ചിരുന്ന രണ്ട് സഹകരണ സംഘങ്ങളും ബിജെപിയുടെ കൈവശമെത്തുകയും ചെയ്തിരുന്നു.