സ്റ്റാൻഡിലെ തൂണുകൾക്കിടയിൽ കുടുങ്ങി കെഎസ്ആർടിസി സ്വിഫ്റ്റ് ; പുറത്തെടുക്കണമെങ്കിൽ തൂണ് പൊളിക്കണം

single-img
27 May 2022

കോഴിക്കോട് സ്വിഫ്റ്റ് ബസ് കെഎസ്ആർടിസി സ്റ്റാൻഡിലെ തൂണുകൾക്കിടയിൽ കുടുങ്ങി. ഇന്ന് രാവിലെ ബംഗളൂരുവിൽ നിന്നും എത്തിയ ബസാണ് തൂണുകൾക്കിടയിൽ കുടുങ്ങിയത്. യാത്രക്കാരെ സ്റ്റാൻഡിൽ ഇറക്കിയ ശേഷം ബസ് മുന്നോട്ട് എടുക്കുന്നതിനിടെയാണ് അപകടമുണ്ടാകുന്നത്.

ഇപ്പോഴത്തെ അവസ്ഥയിൽ ബസ് പുറത്തിറക്കണമെങ്കിൽ ഒന്നുകിൽ ഗ്ലാസ് പൊട്ടിക്കണം, അല്ലെങ്കിൽ തൂണുകളുടെ വശങ്ങൾ അറുത്ത് മാറ്റണം എന്ന സ്ഥിതിയാണ്. ഇരുഭാഗത്തേയും തൂണുകളുടെ അകലം കണക്കാക്കുന്നതിൽ ഡ്രൈവറിന് വന്ന പിഴവാണ് ബസ് കുടുങ്ങാൻ കാരണം എന്നാണ് വിവരം .

എങ്ങിനെയും ബസ് പുറത്തെടുക്കാൻ ശ്രമിച്ചതോടെ തൂണുകൾക്കിടയിൽ കൂടുതൽ ജാമാവുകയായിരുന്നു. ബസ് പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. അതേസമയം, കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിന്റെ അപാകത കൂടിയാണ് ഈ സംഭവം ചൂണ്ടിക്കാട്ടുന്നത്. ബസ് നിർത്തിയിടുന്ന സ്ഥലത്തെ തൂണുകൾ ഉൾപ്പെടെ നിർമ്മിച്ചത് കൃത്യമായ അകലം കണക്കാക്കാതെയാണെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു.