പോപ്പുലർ ഫ്രണ്ട് റാലി; പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കുട്ടി എസ്​ഡിപിഐ പ്രവർത്തകൻ്റെ മകൻ

single-img
26 May 2022

ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കുട്ടി കടുത്ത എസ്​ഡിപിഐ പ്രവർത്തകൻ്റെ മകൻ എന്ന് പോലീസ് തിരിച്ചറിഞ്ഞു. എറണാകുളം ജില്ലയിലെ തോപ്പുംപടി തങ്ങൾ നഗർ പൂച്ചമുറി സ്വദേശിയുടെ മകനാണ് വിവാദ മുദ്രവാക്യം പോപ്പുലർ ഫ്രണ്ട് റാലിയിൽ വിളിച്ചത്.

തങ്ങളുടെ പ്രകടനത്തിൽ കുട്ടി പ്രകടനത്തില്‍ മുദ്രാവാക്യം വിളിച്ച കാര്യം സ്ഥിരീകരിച്ച് പോപ്പുലര്‍ ഫ്രണ്ട് രംഗത്ത് വന്നിരുന്നു. എന്നാൽ റാലിയിൽ വിളിച്ചത് സംഘാടകര്‍ നല്‍കിയ മുദ്രാവാക്യമല്ലെന്നായിരുന്നു പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികള്‍ പറയുന്നത്. ഏതാനും വർഷങ്ങളായി പൂച്ചമുറിയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന വ്യക്തിയാണ് ഈ എസ്​ഡിപിഐ പ്രവർത്തകൻ.

ഇറച്ചിവെട്ടുകാരനായ ഇയാൾ മുമ്പ് മറ്റൊരു രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകനായിരുന്നു. കുടുംബപരമായി ഇവർ ഇറച്ചിക്കച്ചവടക്കാരാണെന്നുള്ള വിവരങ്ങളും ഇപ്പോൾ പുറത്തു വരുന്നുണ്ട്. എന്നാൽ ഇയാളുടെ കുടുംബത്തിലെ മറ്റംഗങ്ങളിൽ ചിലർ ഇപ്പോഴും മറ്റു രാഷ്ട്രീയ പാർട്ടികളിൽ വിശ്വസിക്കുന്നവരാണ്. കുട്ടിയെ തിരിച്ചറിഞ്ഞതിനു പിന്നാലെ ഈ വീട്ടിൽ ആലപ്പുഴ സൗത്ത് പൊലീസ് എത്തിയെങ്കിലും വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു.

റാലിയില്‍ കുട്ടിയെ ചുമലിലേറ്റിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈരാറ്റുപേട്ട സ്വദേശി അന്‍സാറാണ് റാലിക്കിടെ കുട്ടിയെ ചുമലിലേറ്റിയത്. ഇയാളുടെയും കുട്ടിയുടെയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പച്ചതിന് പോലീസ് കേസ് എടുത്തു. കുട്ടിയെ കൊണ്ടുവന്നവരും സംഘാടകരുമാണ് കേസിലെ പ്രതികള്‍. 153 എ വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്.