ഗവർണറെ നീക്കി; ബംഗാളിൽ മമത ഇനി എല്ലാ സർവകലാശാലകളുടെയും ചാൻസലർ

single-img
26 May 2022

ബംഗാളിൽ സർവ്വകലാശാല ചാൻസലർ വിഷയത്തിൽ ചരിത്രപരമായ തീരുമാനവുമായി പശ്ചിമബംഗാൾ സർക്കാർ. ഗവർണറെ നീക്കം ചെയ്ത് പകരം മുഖ്യമന്ത്രി മമത ബാനർജിയെ സർക്കാർ നടത്തുന്ന എല്ലാ സർവകലാശാലകളുടെയും ചാൻസലറായി നിയമിക്കുമെന്ന് പശ്ചിമ ബംഗാൾ സർക്കാർ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് ഇന്നു ചേർന്ന സംസ്ഥാന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. സംസ്ഥാന മുഖ്യമന്ത്രിയെ സർക്കാർ സർവ്വകലാശാലകളുടെ ചാൻസലറാക്കാൻ നിയമസഭയിൽ നിയമം ഭേദഗതി ചെയ്യുമെന്നും സർക്കാർ വ്യക്തമാക്കി. പശ്ചിമ ബംഗാൾ വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസുവാണ് സംസ്ഥാന മന്ത്രിസഭയുടെ ഈ തീരുമാനം പ്രഖ്യാപിച്ചത്.

സംസ്ഥാനത്തെ സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻഖർ സംസ്ഥാന സർക്കാരുമായി ഏറ്റുമുട്ടലിലായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ തീരുമാനം കെെക്കൊണ്ടത്. തന്റെ അനുമതിയില്ലാതെ സംസ്ഥാന സർക്കാർ നിരവധി വൈസ് ചാൻസലർമാരെ നിയമിച്ചതായി ഗവർണർ ജഗ്ദീപ് ധൻഖർ നേരത്തെ ആരോപിച്ചിരുന്നു.