ഇതിലും വലിയ കുറ്റം ചെയ്തവരെ സര്‍ക്കാരും പ്രതിപക്ഷവും ചേര്‍ന്ന് സംരക്ഷിക്കുന്നു; പി സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തതിനെതിരെ കെ സുരേന്ദ്രൻ

single-img
25 May 2022

വെണ്ണലയിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പി.സി ജോര്‍ജിനെ ഇന്ന് പോലീസ് കസ്റ്റഡിയിലെടുത്തതിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ . പി സി ജോര്‍ജിനേക്കാള്‍ വലിയ വിദ്വേഷ പ്രസംഗവും കൊലവിളിയും നടത്തിയവര്‍ സൈരമായി വിഹരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

അങ്ങിനെയുള്ളവർക്കെതിരെ സര്‍ക്കാരോ പോലീസോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു. അതേസമയം, പി സി ജോര്‍ജിനെതിരായ നടപടിയെ ബിജെപി ചോദ്യം ചെയ്യുന്നില്ലെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി.

പക്ഷെ , ഇതിലും വലിയ കുറ്റം ചെയ്തവരെ സര്‍ക്കാരും പ്രതിപക്ഷവും ചേര്‍ന്ന് സംരക്ഷിക്കുകയാണ്. ഇതിനെതിരെയാണ് ബിജെപിയുടെ പ്രതിഷേധം. കുന്തിരിക്കവും അവലും മലരും കരുതി വെച്ചോളൂ എന്ന് കൊലവിളി നടത്തിയവര്‍ക്കെതിരെ നടപടിയില്ലാത്തത് ആശ്ചര്യപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് പിസി ജോർജ്ജിന്റെ കസ്റ്റഡിക്ക് പിന്നാലെ ഫോർട്ട് സ്റ്റേഷനിൽ പി സി ജോര്‍ജിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി പ്രവര്‍ത്തകരും പ്രതിഷേധവുമായി പിഡിപി പ്രവര്‍ത്തകരും എത്തിയതോടെ സ്ഥലത്ത് നേരിയ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. പോലീസ് ബലപ്രയോഗത്തിലൂടെയാണ് ഇവരെ നീക്കിയത്.