മതവേഷം ധരിച്ച കെഎസ്ആർടിസി ഡ്രൈവർ; വൈറൽ ചിത്രത്തിൽ വിശദീകരണവുമായി കെഎസ്ആർടിസി

single-img
25 May 2022

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച യൂണിഫോം ഒഴിവാക്കി മതവേഷം ധരിച്ച് ഡ്രൈവർ ഡ്യൂട്ടിക്കെത്തിയെന്ന പ്രചാരണം ദുരുദ്ദേശപരമെന്ന് കെഎസ്ആർടിസി. തലസ്ഥാനമായ തിരുവനന്തപുരം തമ്പാനൂരിൽ നിന്നും മാവേലിക്കരയിലേക്ക് പോകുന്ന ബസിൽ നിന്നും പകർത്തിയ ചിത്രം എന്ന അവകാശവാദത്തോടെയാണ് ഫോട്ടോ പ്രചരിക്കുന്നത്.

പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കം പ്രചാരണം ഏറ്റെടുത്തിരുന്നു. ഇതിനെത്തുടർന്ന് കെഎസ്ആർടിസി വിജിലൻസ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയും ഈ അന്വേഷണത്തിൽ ഡ്രൈവർ പി എച്ച് അഷ്റഫ് മെയ് 24ന് ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ പകർത്തിയ ചിത്രമാണിതെന്ന് വ്യക്തമാകുകയും ചെയ്തു.

ജോലിക്കിടെ തന്റെ പാന്റിൽ അഴുക്ക് പറ്റാതിരിക്കാൻ ഡ്രൈവർ മടിയിൽ വലിയ ഒരു തോർത്ത് വിരിച്ചിരുന്നു. ഇതിനെ പ്രത്യേക രീതിയിൽ ഫോട്ടോയെടുത്താണ് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. ഈ ചിത്രം സൂം ചെയ്തു നോക്കിയാൽ യൂണിഫോമായ സ്കൈ ബ്ലൂ ഷർട്ടും, നേവി ബ്ലൂ പാന്റുമാണ് അഷ്റഫ് ധരിച്ചിരിക്കുന്നതെന്ന് വ്യക്തമാകുമെന്ന് കെഎസ്ആർടിസി വ്യക്തമാക്കി.

ഒരുപക്ഷെ ഷർട്ടിന്റെ നിറം മങ്ങിയതുകൊണ്ടോ പ്രചരിക്കുന്ന ചിത്രത്തിന്റെ വ്യക്തക്കുറവ് മൂലമോ ധരിച്ചിരിക്കുന്ന ഷർട്ടിന്റെ നിറം വെള്ളയാണെന്നു തോന്നും. സംസ്ഥാനത്തെ കെഎസ്ആർടിസി ഡ്രൈവർമാർ ആകാശ നീല ഷർട്ട് ധരിക്കണം എന്നു മാത്രമാണ് പറഞ്ഞിരിക്കുന്നത്. അത് ഹാഫ് സ്ലീവോ ഫുൾ സ്ലീവോ ധരിക്കാം. ഇതോടൊപ്പം മതപരമായ ചിഹ്നങ്ങൾ ധരിക്കുന്നതിനും വിലക്കില്ല. എന്നാൽ ഇവിടെ ചിലർ ചിത്രം ദുരുപയോഗം ചെയ്യുകയാണെന്നും കെഎസ്ആർടിസി വ്യക്തമാക്കി.