ഞങ്ങളുടെ പാർട്ടിയിലേക്ക് ആളുകൾ വരുന്നു, ചിലർ പോകുന്നു. ഇതൊരു വലിയ പാർട്ടിയാണ്; കപിൽ സിബലിന്റെ രാജിയിൽ കെ സി വേണു​ഗോപാൽ

single-img
25 May 2022

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കപിൽ സിബൽ കോൺഗ്രസിൽ നിന്ന് രാജിവെച്ചതിൽ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ രംഗത്തെത്തി. കോൺ​ഗ്രസ് പാർട്ടിയിലേക്ക് ചിലർ വരുന്നു, ചിലർ പാർട്ടിയിൽ നിന്ന് പോകുന്നു. ഈ വിഷയത്തിൽ അദ്ദേഹം ആരെയും കുറ്റപ്പെടുത്തിയിട്ടില്ലെന്ന് വേണു​ഗോപാൽ പറഞ്ഞു.

വേണുഗോപാലിന്റെ വാക്കുകൾ: “അദ്ദേഹം നേരത്തെ തന്നെ പാർട്ടി അധ്യക്ഷന് കത്ത് എഴുതിയിരുന്നു. കോൺഗ്രസിന്റെ മൂല്യങ്ങളിൽ താൻ അടിയുറച്ച് വിശ്വസിക്കുന്നു എന്നാണ് കത്തിൽ പറയുന്നത്. അദ്ദേഹം മറ്റൊന്നും പറഞ്ഞില്ല. അദ്ദേഹം തന്റെ നിലപാട് പറയട്ടെ. അപ്പോൾ മറുപടി പറയാം.

ഞങ്ങളുടെ പാർട്ടിയിലേക്ക് ആളുകൾ വരുന്നു, ചിലർ പോകുന്നു. ഇതൊരു വലിയ പാർട്ടിയാണ്. ചിലർ പാർട്ടി വിട്ടേക്കാം, ചിലർ മറ്റ് പാർട്ടികളിലേക്ക് പോയേക്കാം. പാർട്ടി വിട്ട ആരെയും ഞാൻ കുറ്റപ്പെടുത്തുന്നില്ല. കോൺഗ്രസിന് വിശാലമായ ഇടമുണ്ട്- വേണു​ഗോപാൽ പറഞ്ഞു.

“അതേസമയം, ഇന്ന് സമാജ്‌വാദി പാർട്ടി പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥിയായി രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം താൻ കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജിവച്ചതായി മുതിർന്ന നേതാവ് കപിൽ സിബൽ വെളിപ്പെടുത്തി‌യിരുന്നു. മെയ് 16 ന് ഞാൻ കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജിവെച്ചെന്നും കപിൽ സിബൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.