ചിന്തന്‍ ശിബിര എഫക്ട്; ജി 23 നേതാക്കളെയും ഉള്‍പ്പെടുത്തി ദേശീയ തലത്തില്‍ കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി

single-img
24 May 2022

ചിന്തന്‍ ശിബിര തീരുമാനങ്ങളെ പിൻപറ്റി ദേശീയ തലത്തില്‍ രാഷ്ട്രീയ കാര്യസമിതി രൂപീകരിച്ച് കോണ്‍ഗ്രസ്. സോണിയാഗാന്ധി നേതൃത്വം നല്‍കുന്ന ഈ സമിതിയില്‍ ഗ്രൂപ്പ് 23 നേതാക്കളെയും ഉള്‍പ്പെടുത്തി.

രാജ്യത്തെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ക്കായി പ്രത്യേക ദൗത്യ സംഘത്തെയും നിയോഗിച്ചു. ഇരു സമിതികളിലും കെ സി വേണുഗാപാലിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭാരത് ജോഡോ യാത്രയുടെ ഏകോപനത്തിനും സമിതി ഇതോടൊപ്പം നിലവില്‍ വന്നു.

ദേശീയ രാഷ്ട്രീയ വിഷയങ്ങളിലടക്കം പാര്‍ട്ടി അധ്യക്ഷക്ക് നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കാന്‍ ഒരു സമിതിയെ നിയോഗിക്കുമെന്ന് ചിന്തന്‍ ശിബിരത്തില്‍ സോണിയ ഗാന്ധി വ്യക്തമാക്കിയിരുന്നു. പ്രവര്‍ത്തക സമിതിയംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് രാഷ്ട്രീയ കാര്യസമിതി രൂപീകരിച്ചിരിക്കുന്നത്. പാര്‍ലമെന്‍രറി ബോര്‍ഡെന്ന ഗ്രൂപ്പ് 23ന്‍റെ ആവശ്യം തളളിയാണ് രാഷ്ട്രീയ കാര്യ സമിതി നിലവില്‍ വന്നിരിക്കുന്നത്.

ഈ സമിതിയില്‍ രാഹുല്‍ഗാന്ധി അംഗമാണ്. ഗ്രൂപ്പ് 23നെ അനുനയിപ്പിച്ച് ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ എന്നീ നേതാക്കളെയും രാഷ്ട്രീയകാര്യ സമിതിയില്‍ ഉള്‍പ്പെടുത്തി. തെരഞ്ഞെടുപ്പ് മേല്‍നോട്ടം, ധനകാര്യം, സംഘടനാ വിഷയങ്ങള്‍ക്കായി രൂപീകരിച്ച പ്രത്യേക ദൗത്യസംഘത്തിന്‍റെ ആദ്യ യോഗം എഐസിസിയില്‍ ചേര്‍ന്നു. തെരഞ്ഞെടുപ്പ് ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധി വന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കേ സമിതിയില്‍ പ്രിയങ്ക ഉള്‍പ്പെടെ 8 അംഗങ്ങളാണ് ഉള്ളത് .