പോപ്പുലർ ഫ്രണ്ട് റാലിയിലെ മതവിദ്വേഷ മുദ്രാവാക്യ കേസ്; പോലീസ് ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി

single-img
24 May 2022

ആലപ്പുഴയിൽ പോപ്പുലര്‍ ഫ്രണ്ടിന്റെ റാലിയില്‍ കുട്ടി മതവിദ്വേഷ മുദ്രവാക്യം വിളിച്ച കേസില്‍ ഒരാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഈരാറ്റുപേട്ട സ്വദേശിയായ അന്‍സാര്‍ നജീബിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കുട്ടിയെ വിദ്വേഷ മുദ്രാവാക്യം വിളിക്കാനായി പ്രോത്സാഹിപ്പിച്ചത് അന്‍സാറാണെന്ന് പൊലീസ് പറയുന്നു.

കുട്ടിയെ റാലിക്ക് കൊണ്ടുവന്നവര്‍ക്കും, സംഘാടകര്‍ക്കുമെതിരെയാണ് പോലീസ് കേസ് എടുത്തിരുന്നത്. പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് പ്രസിഡന്റ് പി എ നവാസ്, അന്‍സാര്‍ നജീബ് എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരിൽ അന്‍സാറിന്റെ അറസ്റ്റാണ് ഇപ്പോള്‍ രേഖപ്പെടുത്തിയത്.

അതേസമയം, മുദ്രാവാക്യം വിളിച്ച കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു. നേരത്തെ സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന് പുറമെ നടത്തിയ പ്രാഥമിക അന്വേഷണത്തിലും മതസ്പര്‍ദ്ധ വളര്‍ത്തുന്ന വാക്യങ്ങള്‍ റാലിയില്‍ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.