കിരൺ കുമാറിന് 10 വർഷം വരെ തടവ് ലഭിക്കാം; വിസ്മയ കേസിൽ ഇന്ന് വിധി

single-img
23 May 2022

സംസ്ഥാനം ഏറെ ചർച്ച ചെയ്ത വിസ്മയ കേസിൽ ഇന്ന് വിധി. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പ്രസ്താവിക്കുക. നാല് മാസം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേരളത്തിന്റെ മനഃസാക്ഷിയെ ഉലച്ച കേസിൽ കോടതി വിധി പറയുന്നത്.

വിസ്മയയുടെ ഭർത്താവും മോട്ടോർവാഹനവകുപ്പിൽ എഎംവിഐയും ആയിരുന്ന കിരൺ കുമാറാണ് കേസിലെ ഒന്നാം പ്രതി. പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാമെന്നാണ് കണക്കാക്കുന്നത്. ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടർന്ന് 2021 ജൂൺ 21ന് ഭർത്തൃ ഗൃഹത്തിൽ വിസ്മയ ആത്മഹത്യ ചെയ്‌തെന്നാണ് കേസ്.

സ്ത്രീധനമായി നൽകിയ കാറിൽ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വർണം ലഭിച്ചില്ലെന്നും പറഞ്ഞ് ക്രൂരമായ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇതിനായി വിസ്മയ അമ്മയ്ക്കും കൂട്ടുകാരിക്കും കിരണിൻറെ സഹോദരിക്കും അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.

സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, സ്ത്രീധനം ആവശ്യപ്പെടൽ എന്നീ കുറ്റകൃത്യങ്ങൾ കിരൺ കുമാർ ചെയ്‌തെന്നാണ് പ്രോസിക്യൂഷൻ ആരോപണം. 2020 മേയ് 30-നാണ് ബിഎഎംഎസ് വിദ്യാർഥിനിയായിരുന്ന വിസ്മയയെ മോട്ടോർവാഹനവകുപ്പിൽ എഎംവിഐ ആയിരുന്ന കിരൺ കുമാർ വിവാഹം കഴിച്ചത്.