കൊലവിളി മുദ്രാവാക്യം മതേതര കേരളത്തെ വിഭജിക്കാനുള്ള വർഗ്ഗീയ അജണ്ടയുടെ പ്രകടിതരൂപം: ഡിവൈഎഫ്ഐ

single-img
23 May 2022

പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തിലെ കൊലവിളി മുദ്രാവാക്യം മതേതര കേരളത്തെ വിഭജിക്കാനുള്ള വർഗ്ഗീയ അജണ്ടയുടെ പ്രകടിതരൂപമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. കുഞ്ഞു മനസ്സുകളിൽ പോലും അന്യമതവിദ്വേഷത്തിന്റെ വിഷവിത്തുകൾ പാകുന്ന വർഗ്ഗീയ സംഘടകളുടെ പ്രവർത്തനത്തിന്റെ തെളിവാണ് ആലപ്പുഴയിൽ വച്ച് നടന്ന പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രകടനത്തിൽ ഒരു കൊച്ചു ബാലൻ വിളിക്കുന്ന കൊലവിളി മുദ്രാവാക്യം.

കേരളത്തിലെ മതേതര അന്തരീക്ഷത്തെ അസ്വസ്ഥമാക്കുന്നതാണ് മുദ്രാവാക്യത്തിലെ വരികൾ. ഇതരമതസ്ഥർക്കെതിരെ കൊലവിളി മുഴക്കുന്ന മുദ്രാവാക്യങ്ങൾ ഒരു ബാലന്റെ മനസ്സിൽ നിന്ന് ഉത്പാദിപ്പിക്കപ്പെട്ടുവെന്നത് ഏറെ ഗൗരവകരമാണ്. ഇന്നലെ ആ കുട്ടിയിൽ നിന്ന് മുഴക്കപ്പെട്ട മുദ്രാവാക്യം ഇതര മതവിശ്വാസികൾക്ക് നേരെ വധഭീഷണി മുഴക്കി കൊണ്ടുള്ളതാണ്. ഇത്തരം പ്രകോപനങ്ങളിലൂടെ പരസ്പരം വളം നല്കുകയാണ് വിവിധ മതവർഗ്ഗീയ സംഘടനകൾ.

സമൂഹത്തെ വർഗ്ഗീയമായി വിഭജിച്ച് വളർച്ചയ്ക്കുള്ള ഇടം കണ്ടെത്താനുള്ള പോപ്പുലർ ഫ്രണ്ട് അജണ്ടയുടെ ഭാഗമാണ് ഇത്തരം വിഷലിപ്തമായ മുദ്രാവാക്യങ്ങൾ. സ്‌നേഹവും അനുകമ്പയും സമാധാനപരമായ സഹവർത്തിത്വവും പഠിക്കേണ്ട കൊച്ചു പ്രായത്തിൽ അപര വിദ്വേഷം പഠിച്ചുവച്ച കുഞ്ഞുങ്ങൾ ഇത്തരം വർഗ്ഗീയ പ്രസ്ഥാനങ്ങളുടെ പാഠശാലയിലെ ഉൽപ്പന്നങ്ങളാണ്.

മതേതര കേരളത്തിന്റെ പൊതുസമൂഹം ഏറെ ജാഗ്രതയോടെ പ്രതിരോധിക്കേണ്ട വിഷയമാണ് ഇത്. കേരളത്തിന്റെ മതേതര ഐക്യത്തെ തകർത്തു കൊണ്ടല്ലാതെ വർഗീയ പ്രസ്ഥാനങ്ങൾ വളരില്ലെന്നത് ഹിന്ദുത്വ – ഇസ്‌ലാമിസ്റ്റ് തീവ്രവാദ പ്രസ്ഥാനങ്ങളുടെ തിരിച്ചറിവാണ്. ആ ഐക്യം തകർക്കാൻ ഒരുമ്പെട്ടുകൊണ്ടുള്ള ഇത്തരം ശ്രമങ്ങളെ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.