യുഡിഎഫ് വികസനം മുടക്കികൾ: മുഖ്യമന്ത്രി

single-img
22 May 2022

യുഡിഎഫ് വികസനം മുടക്കികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് നടന്ന കർഷക സംഘത്തിന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിൽവർ ലൈൻ പദ്ധതി എൽഡിഎഫിന് വേണ്ടിയുള്ളതല്ലെന്നും മറിച്ചു നാടിന് വേണ്ടിയുള്ള പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു.

വേഗത്തിൽ സഞ്ചരിക്കണമെങ്കിൽ ട്രെയിൻ വേണം. യുഡിഎഫ് നേരത്തെ പറഞ്ഞ ഹൈ സ്പീഡ് പദ്ധതി, ഞങ്ങൾ സെമി ഹൈ സ്പീഡ് ആക്കിയെന്നേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ റോഡ് വികസനം ശാശ്വത വഴിയല്ലെന്നും വാഹനം കൂടിയാൽ പ്രതിസന്ധി ഉണ്ടാകുമെന്നും പുതിയ കാലത്തിന് അനുസരിച്ചു മാറാൻ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
.
ഇടതുമുന്നണി ഇപ്പോൾ സെമി ഹൈ സ്പീഡ് പദ്ധതി നടപ്പിലാക്കാൻ പാടില്ലത്രേ. അതാണ് ഇപ്പോൾ യുഡിഎഫ് പറയുന്നത്. യുഡിഎഫ് വികസനം മുടക്കികളാണ്. ഇതൊന്നും എൽഡിഎഫിനു വേണ്ടിയുള്ള പദ്ധതികളല്ല, നാടിനു വേണ്ടിയുള്ളതാണ് എന്നും അദ്ദേഹം പറഞ്ഞു.

നാടിനുവേണ്ടിയുള്ള വികസന പദ്ധതികളിൽ രാഷ്ട്രീയമില്ലെന്നും ഒറ്റക്കെട്ടായി സർക്കാരിനൊപ്പമുണ്ടെന്നുമുള്ള കോൺഗ്രസ് നേതാവ് എവി ഗോപിനാഥിന്റെ പ്രസ്താവനയെ മുഖ്യമന്ത്രി വേദിയിൽ പ്രശംസിച്ചു. നാടിന്റെ വികസനം മോഹിക്കുന്നവർ എവി ഗോപിനാഥിന്റെ വഴി തെരഞ്ഞെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.