അധിക വരുമാനം വേണ്ടെന്ന് വെക്കണം; കേന്ദ്രം നികുതി കൂട്ടുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സന്തോഷിക്കുന്നു: വിഡി സതീശൻ

single-img
22 May 2022

ഇന്ധന നികുതിയിലെ അധിക വരുമാനം സംസ്ഥാന സര്‍ക്കാര്‍ വേണ്ടന്ന് വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരള സര്‍ക്കാര്‍ നികുതി കൂട്ടിയിട്ടില്ലെന്ന വാദം ജനങ്ങളെ കബളിപ്പിക്കാനാണ്. ഓരോ തവണയും ഇന്ധന വില കൂടുമ്പോള്‍, നികുതി വരുമാനം കൂടുമെന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ സന്തോഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നാല് തവണ അധിക നികുതിയില്‍ നിന്നുള്ള വരുമാനം ഒഴിവാക്കിയിരുന്നു. ഈ മാതൃക സംസ്ഥാന സര്‍ക്കാര്‍ പിന്തുടരണം. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു. വിപണി ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ല. തൃക്കാക്കരയില്‍ തൊണ്ണൂറ്റിഒന്‍പത്, നൂറ് ആക്കാന്‍ നടക്കുകയാണ്. പക്ഷേ 100 ആയത് തക്കാളിയുടെ വിലയാണ്. തൃക്കാക്കരയ്ക്ക് വേണ്ടിയുള്ള എല്‍.ഡി.എഫ് പ്രകടനപത്രിക കാപട്യമാണെന്നും സതീശൻ പറഞ്ഞു.

കഴിഞ്ഞ 6 വര്‍ഷമായി കൊച്ചിയുടെ വികസനത്തിന് ഇവര്‍ ചെറുവിരല്‍ അനക്കിയിട്ടില്ല. ഇടതുപക്ഷത്തിന്റെ വാഗ്ദാനങ്ങള്‍ക്ക് കടലാസിന്റെ വില പോലുമില്ല. നടി ആക്രമിക്കപ്പെട്ട കേസില്‍ യു.ഡി.എഫ് അതിജീവിതയ്‌ക്കൊപ്പമാണ്. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ ശക്തിയായി എതിര്‍ക്കും. ഏതെങ്കിലും സമ്മര്‍ദ്ദങ്ങള്‍ക്ക് സര്‍ക്കാരോ പൊലീസോ വഴങ്ങിയാല്‍ പ്രതിപക്ഷം ഇടപെടുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.