കേന്ദ്രം കുറച്ചിട്ടും സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളി: ഉമ്മൻ ചാണ്ടി

single-img
22 May 2022

കേന്ദ്രം നികുതി കുറിച്ചിട്ടും കേരളാ സർക്കാർ ഇന്ധന നികുതി കുറക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേന്ദ്ര സർക്കാർ ഇപ്പോൾ കുറവുവരുത്തിയതിന് ആനുപാതികമായ കുറവല്ല സംസ്ഥാനം വരുത്തേണ്ടതെന്നും അദ്ദേഹം പറയുന്നു.

നികുതിയിൽ ഇളവ് നൽകുന്നത് ജനങ്ങൾക്ക്‌ ഉള്ള ഔദാര്യമല്ലെന്നും ജനങ്ങൾ കഷ്ടപ്പെടുമ്പോൾ സര്‍ക്കാര്‍ സന്തോഷിക്കാൻ തുടങ്ങിയാൽ എന്ത് ചെയ്യുമെന്നും അദ്ദേഹം ചോദിക്കുന്നു. ഇവിടെ സംസ്ഥാന സർക്കാരിന്‍റെ വാർഷികത്തിന് നൂറ് കോടി വകയിരുത്തിയ സർക്കാർ ആണിത്. ഇന്ധനനികുതിയിൽ കുറവ്
വരുത്തിയ കേന്ദ്രത്തിന്‍റെ നടപടി ആശ്വാസമാണ്. എന്നാൽ ഇത് കൊണ്ടായില്ല, സംസ്ഥാന സര്‍ക്കാരും നികുതി കുറയ്ക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ സിപിഎമ്മിന് ആത്മവിശ്വാസ കുറവാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മണ്ഡലത്തിലെ ഇടതു മുന്നണിയുടെ ആത്മവിശ്വാസ കുറവ് ഇ പി ജയരാജന്റെ വാക്കുകളിൽ വ്യക്തമാണ്. കെ റെയിലിൽ സർക്കാർ പിന്നോട്ട് പോയതും ഇതിന് ഉദാഹരണമാണ്. തൃക്കാക്കരയിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്നും മന്ത്രിമാരുടെ ക്യാമ്പ്‌ ചെയ്തുള്ള പ്രചരണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യപരമായ പ്രചാരണങ്ങൾ അംഗീകരിക്കും, എന്നാല്‍ അധികാര ദുർവിനിയോഗം സംബന്ധിച്ച പരാതികൾ ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാട്ടുമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേർത്തു.