കാവ്യ മാധവന്‍ പ്രതിയാകില്ല; നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈം ബ്രാഞ്ച്

single-img
22 May 2022

കൊച്ചിയിൽ വാഹനത്തിനുള്ളിൽ നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈം ബ്രാഞ്ച് ഒരുങ്ങുന്നു. ഇതിന്റ ഭാഗമായി തുടരന്വേഷണത്തിന് അന്വേഷണ സംഘം സമയം നീട്ടി ചോദിക്കില്ല. സ്വാഭാവികമായും ഗൂഢാലോചനയ്ക്ക് തെളിവില്ലാത്തതിനാല്‍ നടി കാവ്യാ മാധവന്‍ കേസില്‍ പ്രതിയാകില്ല. ദിലീപിന്റെ അഭിഭാഷകരെയും കേസില്‍ നിന്ന് ഒഴിവാക്കും.

അതേസമയം, കേസ് അട്ടിമറിക്കാന്‍ അഭിഭാഷകര്‍ ഇടപെട്ടുവെന്നായിരുന്നു അന്വേഷണ സംഘം പറഞ്ഞിരുന്നത്. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും അഭിഭാഷകരെ ചോദ്യം ചെയ്യണമെന്നും അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍പക്ഷെ അഭിഭാഷകരുടെ മൊഴി എടുക്കാതെയാണ് ക്രൈം ബ്രാഞ്ച് ഇപ്പോൾ തുടരന്വേഷണം അവസാനിപ്പിക്കുന്നത്.

കേസില്‍ അധിക കുറ്റപത്രം ഈ മാസം 30ന് സമര്‍പ്പിക്കും. ദിലീപിന്റെ സുഹൃത്ത് ശരത് മാത്രമാണ് അധിക കുറ്റപത്രത്തില്‍ പ്രതിയാകുക. നേരത്തെ സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം ആരംഭിക്കുന്നത്. കേസ് അന്വേഷിച്ച അന്വേഷണ ഉദ്യോസ്ഥരെ ദിലീപ് അപായപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. പക്ഷെ തുടരന്വേഷണം രണ്ട് മാസം പിന്നിട്ട സാഹചര്യത്തിൽ അന്വേഷണത്തിന് ഇനിയും അധിക സമയം അനുവദിക്കാനാകില്ലന്ന് കോടതി അറിയിച്ചിരുന്നു.