ഹണിട്രാപ്പില്‍ കുടുങ്ങി; പാക്കിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തിയ ഇന്ത്യൻ സൈനികന്‍ അറസ്റ്റില്‍

single-img
21 May 2022

ഹണിട്രാപ്പില്‍ കുടുങ്ങി ഇന്ത്യയുടെ നിർണ്ണായക സൈനിക വിവരങ്ങള്‍ ചോര്‍ത്തിയ ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥന്‍ പിടിയിലായി. പാകിസ്ഥാന്റെ ഐഎസ്‌ഐയുടെ വനിതാ ഏജന്റാണ് ഇയാളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയത്.

രാജസ്ഥാന്‍ സ്വദേശിയായ ഇന്ത്യൻ സൈനികന്റെ കൂട്ടുകാരനും ഇതില്‍ പങ്കാളിയെന്ന് പോലീസ് പറയുന്നു. മെയ് 21 ശനിയാഴ്ചയാണ് ഇന്ത്യന്‍ കരസേനാംഗമായ പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്. രാജസ്ഥാന്‍ പോലീസാണ് ശിക്ഷാ നടപടി സ്വീകരിച്ചത്. 24വയസുള്ള ഈ സൈനികനെ ഹണിട്രാപ്പ് ചെയ്താണ് പാകിസ്ഥാന്‍ യുവതി വിവരങ്ങള്‍ കൈക്കലാക്കിയത്. ജോധ്പൂരിലെ സ്ഥിരതാമസക്കാരനായ കുമാര്‍ പാകിസ്ഥാന്‍ യുവതിയുമായി ഫേസ്ബുക്ക് വഴിയാണ് പരിചയപ്പെടുന്നത്.

പ്രദീപുമായി നല്ലരീതിയിലുള്ള സൗഹൃദം സ്ഥാപിക്കാന്‍ ഇവര്‍ ഹിന്ദു യുവതിയായി വേഷം കെട്ടിയെന്നാണ് പരാതി. മധ്യപ്രദേശിലെ ഗ്വാളിയോര്‍ സ്വദേശിയായ ഛദം എന്നാണ് യുവതി സ്വയം പരിചയപ്പെടുത്തിയിരുന്നത്. ബംഗളൂരുവിലെ ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിലാണ് താന്‍ ജോലി ചെയ്യുന്നതെന്നും പാകിസ്ഥാന്‍ ഏജന്റ് കുമാറിനെ വിശ്വസിപ്പിച്ചു.

ഇയാളും പാകിസ്ഥാന്‍ യുവതിയും ആറ് മാസം മുമ്പ് വരെ വാട്സ്ആപ്പ് വഴി പരസ്പരം ബന്ധപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു. മാസങ്ങള്‍ക്ക് ശേഷം, കുമാര്‍ ഒരു വിവാഹത്തിന്റെ പേരില്‍ ഡല്‍ഹിയിലെത്തുകയും ഇന്ത്യന്‍ സൈന്യവുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ കൈക്കലാക്കുകയും യുവതിക്ക് കൈമാറുകയും ചെയ്തു. ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സില്‍ (ഐഎസ്ഐ) ജോലി ചെയ്യുന്നതായി ആരോപിക്കപ്പെടുന്ന പാകിസ്ഥാന്‍ യുവതിക്ക് സൈനിക, തന്ത്രപരമായ പ്രാധാന്യവുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങളുടെ ചിത്രങ്ങളാണ് അയച്ചു കൊടുത്തതെന്ന് പിന്നീട് കണ്ടെത്തി.

രഹസ്യരേഖകളുടെ ചിത്രങ്ങള്‍ കുമാര്‍ പാക് ഏജന്റുമായി വാട്സ്ആപ്പ് വഴി കൈമാറിയതായും ഇതില്‍ മറ്റ് സൈനികരെ ബലിയാടാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതായും ഇന്റലിജന്‍സ് ഡി ജി ഉമേഷ് മിശ്ര പറഞ്ഞു. കുമാറിന്റെ മറ്റൊരു സുഹൃത്തും കുറ്റകൃത്യത്തില്‍ പങ്കാളിയായിരുന്നു എന്ന് പോലീസ് വ്യക്തമാക്കുന്നു. ചാരവൃത്തി ആരോപിച്ച് ചോദ്യം ചെയ്യുന്നതിനായി മെയ് 18 ന് രാജസ്ഥാന്‍ പോലീസ് കുമാറിനെ കസ്റ്റഡിയില്‍ എടുത്തു. മെയ് 21 ശനിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തി.