കോൺഗ്രസിൻ്റെ സ്ഥാനം മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മുകളിലല്ല: രാഹുൽ ഗാന്ധി

single-img
21 May 2022

ബിജെപിയെ മാത്രമല്ല, ഒരേസമയം രാജ്യത്തിൻ്റെ ഭരണസംവിധാനത്തെയും നേരിടേണ്ട അവസ്ഥയാണ് കോൺഗ്രസിനെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യൻ ഭരണസംവിധാനത്തെ ഒരു സംഘടന കൈയ്യടക്കിയിരിക്കുകയാണെന്നും അദ്ദേഹം കേംബ്രിജ് സര്‍വകലാശാലയുടെ ഐഡിയാസ് ഫോര്‍ ഇന്ത്യ കോൺഫറൻസിൽ സംവാദവേദിയിൽ സംസാരിക്കവെ പറഞ്ഞു.

കോൺഗ്രസ് ഒരിക്കലും ഒരു വല്യേട്ടനല്ലെന്നും കോൺഗ്രസിൻ്റെ സ്ഥാനം മറ്റുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മുകളിലല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തുള്ള പ്രാദേശിക പാര്‍ട്ടികള്‍ക്ക് ഏകീകൃതമായ നയമോ പ്രത്യയശാസ്ത്രമോ ഇല്ലെന്നും അതിനാൽ കോൺഗ്രസിന് ബിജെപിയെ ഒറ്റയ്ക്ക് നേരിടാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയ തലത്തിൽ കോൺഗ്രസ് പാര്‍ട്ടിയെ പുനരുദ്ധരിക്കാനായി രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ചു നടന്ന ചിന്തൻ ശിബിറിനു പിന്നാലെയായിരുന്നു മുൻ പാര്‍ട്ടി അധ്യക്ഷൻ കൂടിയായ രാഹുൽ ഗാന്ധിയുടെ ഈ പരാമര്‍ശങ്ങള്‍.