മലബാറോ തിരുവിതാംകൂറോ, എവിടെ ആയാലും പട്ടി പട്ടി തന്നെയാണ്; അത്തരം കാര്യങ്ങളുടെ പിന്നാലെ പോവാൻ ഞങ്ങൾക്ക് സമയമില്ല: മുഖ്യമന്ത്രി

single-img
20 May 2022

കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നടത്തിയ ‘പട്ടിയുമായി ബന്ധപ്പെട്ട’ വിവാദ പരാമർശത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മലബാറിലും തിരുവിതാംകൂറിലും എവിടെയായാലും പട്ടിയും ചങ്ങലയും ഒന്നു തന്നെയാണെന്നും അതിൽ വ്യത്യാസമില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അത്

അതുപോലുള്ള കാര്യങ്ങളുടെ പിന്നാലെ പോവാൻ തങ്ങൾക്ക് സമയമില്ല. ഇക്കാര്യത്തിൽ ആർക്കെതിരെയും നിയമനടപടിയുമായി താൻ പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.മുഖ്യമന്ത്രി ചങ്ങല പൊട്ടിച്ച നായയെപ്പോലെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ നടക്കുകയാണ് എന്നായിരുന്നു സുധാകരന്റെ പരാമർശം.

എന്നാൽ ഈ പരാമർശം വിവാദമായതോടെ താൻ കണ്ണൂരിലെ നാട്ടുഭാഷയിലെ ഒരു പ്രയോഗമാണ് പറഞ്ഞതെന്നും ആർക്കെങ്കിലും വിഷമമുണ്ടാക്കിയെങ്കിൽ പിൻവലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിനു പിന്നാലെ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവിന്റെ പരാതിയിൽ സുധാകരനെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തിരുന്നു.

അതേസമയം, ഇടത് നേതാക്കൾ മതവും ജാതിയും നോക്കിയാണ് തൃക്കാക്കരയിൽ വീട് കയറുന്നതെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണം മുഖ്യമന്ത്രി തള്ളി. ഇതുപോലെയുള്ള ആരോപണങ്ങൾ പ്രതിപക്ഷനേതാവിനെപ്പോലെ ഒരാൾ പറയാൻ പാടില്ലാത്തതാണ്. പരസ്യമായാണ് അവിടെ പ്രചാരണം നടത്തുന്നത്. എല്ലായിടത്തും വാർത്താ ചാനലുകളുടെ ക്യാമറകളുണ്ട്. തെരഞ്ഞെടുപ്പ് നടക്കുമ്പോൾ എല്ലാവരും പ്രചാരണം നടത്താറുണ്ട്. അത് സർക്കാറിന്റെ ചെലവിൽ നടത്തുമ്പോൾ മാത്രമാണ് പ്രശ്‌നം. വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ ഉന്നയിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.