രാസവള നിരോധനം പിൻവലിക്കാൻ സാധ്യത; ശ്രീലങ്കൻ ജനതയ്ക്ക് ഭക്ഷ്യക്ഷാമ മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ

single-img
20 May 2022

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ജനതയ്ക്ക് ഭക്ഷ്യക്ഷാമ മുന്നറിയിപ്പ്കൂടി നല്‍കി ശ്രീലങ്കൻ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ. നിലവിലെ സാഹചര്യത്തിൽ ഭക്ഷണ സാമഗ്രികളുടെ ക്ഷാമത്തിന് സാധ്യതയുണ്ടെന്നുംജനങ്ങൾ സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കണമെന്നും വിക്രമസിംഗെ പറഞ്ഞു.

കൃഷി ആവശ്യങ്ങൾക്കായുള്ള വളമെത്തിച്ച് അടുത്ത നടീല്‍ വര്‍ഷത്തില്‍ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം അറിയിച്ചു.കഴിഞ്ഞ വർഷം ഏപ്രിലില്‍ എല്ലാ രാസവളങ്ങളും നിരോധിച്ചുകൊണ്ടുള്ള പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയുടെ തീരുമാനം ശ്രീലങ്കയുടെ ആഭ്യന്തര ഉത്പാദനം ഗണ്യമായി വെട്ടിക്കുറച്ചിരുന്നു.ഈ നിരോധനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോയെങ്കില്‍ കാര്യമായ ഇറക്കുമതി ഇതുവരെ നടന്നിട്ടില്ല.

ഈ വർഷം മെയ് മുതല്‍ ആഗസ്റ്റ് വരെയുള്ള ഈ ‘യല’ കാലാവസ്ഥയില്‍ വളം എത്തിക്കാന്‍ സമയമില്ലായിരിക്കാമെങ്കിലും സെപ്തംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള ‘മഹാ’ കാലാവസ്ഥയില്‍ ആവശ്യത്തിനുള്ള സ്റ്റോക്ക് എത്തിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണെന്നും റെനില്‍ വിക്രമസിംഗെ ട്വിറ്ററില്‍ എഴുതി. രാജ്യം ഇപ്പോൾ കടന്നുപോകുന്ന സാഹചര്യം അംഗീകരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് ആത്മാര്‍ത്ഥമായി ആവശ്യപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.