പാലക്കാട് പോലീസുകാരുടെ മരണത്തിന് കാരണമായത് പന്നിക്ക് വെച്ച കെണി; രണ്ട് പേര്‍ കസ്റ്റഡിയില്‍

single-img
19 May 2022

പാലക്കാട് ദുരൂഹമായ സാഹചര്യത്തില്‍ പോലീസുകാര്‍ മരിച്ചനിലയിൽ കാണപ്പെട്ട സംഭവത്തില്‍ ദുരൂഹതയൊഴിയുന്നു. പാടത്തുവരുന്ന പന്നിയെ പിടികൂടാന്‍ വെച്ചിരുന്ന വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റാണ് ഇരുവരും മരിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

സംഭവത്തില്‍ നാട്ടുകാരായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ പാടത്തെത്തിയ ഇരുവരും പൊലീസുകാരെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ വൈദ്യുതി കെണി സ്ഥലത്ത് നിന്ന് മാറ്റിയെന്നും മൃതദേഹങ്ങള്‍ രണ്ടിടത്തേക്ക് മാറ്റിയിട്ടെന്നും കസ്റ്റഡിയിലുള്ളവര്‍ പൊലീസിന് മൊഴി നൽകി.

കഴിഞ്ഞ ദിവസമായിരുന്നു രണ്ട് പോലീസുകാരെ കാണാതായത്. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ഹവില്‍ദാര്‍മാരായ അശോകന്‍, മോഹന്‍ദാസ് എന്നിവരെ മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിനോട് ചേര്‍ന്നുള്ള പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ശരീരത്തിൽ പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹങ്ങള്‍. പാലക്കാട് എസ്.പിയുടെ നേതൃത്വത്തില്‍ സംഭവ സ്ഥലത്ത് വിശദമായ പരിശോധന നടത്തിയെങ്കിലും ഷോക്കേല്‍ക്കാനുള്ള സാധ്യതകള്‍ ഒന്നും കണ്ടെത്താനായിരുന്നില്ല.