എ പി അബ്ദുള്ളക്കുട്ടിയുടെ യോഗം ബഹിഷ്‌കരിച്ച് പ്രവാസി സംഘടനകള്‍

single-img
18 May 2022

കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയർമാനും ബിജെപി ദേശീയ ഉപാധ്യക്ഷനുമായ എപി അബ്ദുള്ളക്കുട്ടിയുടെ യോഗം ബഹിഷ്‌കരിച്ച് പ്രവാസി സംഘടനകള്‍. തങ്ങളെ ഔദ്യോഗികമായി വിളിക്കാതെ അബ്ദുള്ളക്കുട്ടിക്ക് വേണ്ടിമാത്രമായി ജിദ്ദയിലെ ബിജെപി അനുകൂല സംഘടനയായ ഇന്ത്യന്‍ ഓവര്‍സീസ് ഫോറം ക്ഷണിച്ചതില്‍ എതിര്‍പ്പ് അറിയിച്ചുകൊണ്ടാണ് സംഘടനകള്‍ യോഗം ബഹിഷ്‌കരിച്ചത്.

കെഎംസിസി, നവോദയ, ഒഐസിസി, ഹജ്ജ് വെല്‍ഫെയര്‍ ഫോറം എന്നീ സംഘടനകളാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത്. അബ്ദുള്ളക്കുട്ടിക്ക് സ്വീകരണം നല്‍കാനും ഈ വര്‍ഷത്തെ ഹജ്ജിനായി ഇന്ത്യയിൽ നിന്നുള്ള ഹാജിമാരുടെ ഒരുക്കങ്ങള്‍ വിശകലനം ചെയ്യുന്നതിനും ജിദ്ദയിലുള്ള സംഘടനാ ഭാരവാഹികളുമായി അദ്ദേഹം ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു ഐഒഎഫ് സംഘടനകള്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നത്.

പക്ഷെ ഇന്ത്യന്‍ കോണ്‍സുലേറ്റോ കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ അബ്ദുള്ളക്കുട്ടിയോ നേരിട്ട് വിളിക്കാതെ, ഐഒഎഫ് മാത്രം ക്ഷണിച്ചതുകൊണ്ടാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് സംഘടനാപ്രതിനിധികള്‍ വിശദീകരിച്ചു.